Sunday, 26 May 2013

കര്‍മ്മബോധം (കവിത )
ഇന്നലെ വിസ്ത്രുതമാം പാടങ്ങള്‍ പറമ്പുക-
ളതൊക്കെ യൗന്നത്യത്തിന്നളവായ് ഗ്ഗണിച്ചെങ്കില്‍
ഇന്നതിന്‍കാലംപോയിട്ടുന്നതവിദ്യാഭ്യാസ -
മതല്ലോ കൊയ്യുന്നതു പ്രൗഡിയും പ്രതാപവും
അതിനാലെങ്ങനെയുമീടുറ്റ ബിരുദങ്ങള്‍
മക്കള്‍ക്കുസമ്മാനിക്കാന്‍ വെമ്പുന്നൂ രക്ഷിതാക്കള്‍
അമ്മക്കു മോഹം മകനാവണ മെഞ്ചിനീയര്‍
അച്ഛനു മോഹമവനാവണം ഡോക്ടരെന്നും
മാര്‍ക്കൊന്നു പോയാല്‍പോയീ ജീവിതംതന്നെ പോയീ
ശകാരവര്‍ഷം കൊണ്ടു മൂടുന്നൂ കുരുന്നിനെ
ഇല്ലില്ല തര്‍ക്കമത്തില്‍ ജനനീ ജനകനോ -
യൗന്നത്യ സ്വപ്നങ്ങളാലന്ധത ബാധിച്ചവര്‍
ആയിരമഭിജ്ഞര്‍തന്‍ മസ്തിഷ്ക്കമൊത്തുചേര്‍ന്നു
മകനില്‍ജ്വലിക്കണ മതത്രേയാഗ്രഹിപ്പൂ !


ഉയര്‍ന്ന പഠനങ്ങള്‍ കഴിഞ്ഞു വരുന്നവര്‍
ഉടലു വിയര്‍ക്കുന്ന വേലകള്‍ വെറുക്കുന്നു
പങ്കതന്‍ചോട്ടിലുള്ളയുദ്യോഗമൊത്തില്ലെങ്കില്‍
വെറുതെ കളയുന്നു യുവത്വം കരുത്തതും
കൂട്ടരേ നോക്കൂ ചുറ്റും കനകം വിളഞ്ഞതാം
പാടങ്ങള്‍ പറമ്പുകള്‍ തരിശായ് തരിക്കുന്നു
ഇതെന്തു കര്‍മ്മബോധം ? ഭക്ഷണം വിളയിക്കും
വേലേക്കാല്‍ മഹത്തായി മറ്റുണ്ടോ വേല ഭൂവില്‍
നമ്മിലൂടോഴുകുമീയഴകുമാരോഗ്യവും
ആരാലും ഘോഷിക്കുമീ ഹരിതോന്നതിയതും
കര്‍ത്തവ്വ്യ കര്‍മ്മത്താലേ കനിഞ്ഞങ്ങരുളിയ
കര്‍ഷകരഖിലര്‍ക്കു മാരാദ്ധ്യര്‍ നിസംശയം
നാട്ടിനുഗുണംവരാ ഭാവങ്ങളുപേക്ഷിച്ചു
കൂടണമവര്‍ക്കൊപ്പം വിജ്ഞരേനിങ്ങളുംതാന്‍ 
എങ്കിലോ നാടിതൊരു സ്വര്‍ഗ്ഗമായ് തീരുമല്ലോ
ഇല്ലില്ല തൊഴിലെന്ന വിലാപം തീരുമല്ലോ.

                BY
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍

Monday, 20 May 2013

കാലം ആവശ്യപ്പെടുന്നത്

കാലം നമുക്ക് സമ്മാനിച്ചതാണ്‌ സംസ്കാരവും സംസ്കൃതിയും 
നീണ്ടകാലത്തെ അനുഭവങ്ങളുടെ സ്വാംശീകരണമാണത് 
മുന്നോട്ടു പോകുംതോറും നാം വിവക്ഷിക്കുന്ന നന്മ തിന്മകളിൽ 
 തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നിർബാധം നടക്കുന്നു 

ഒരു കാലത്ത് നാം ശരിയെന്നു പറഞ്ഞിരുന്ന പലതും ഇന്ന് തെറ്റും 
തെറ്റെന്നു പറഞ്ഞിരുന്ന പലതും ഇന്നു ശരിയുമാണ് 
ചരിത്രം അനാവരണം  ചെയ്യുനതു ഈ മാറ്റങ്ങളുടെ 
 സംഘർഷ ഗാഥയാണ്  

രക്തരൂഷിതവും അല്ലാത്തതുമായ ഈ സംഘർഷങ്ങളാണ് 
ഭൂരിപക്ഷത്തിനനുകൂലമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്
മാറ്റങ്ങൾക്കു പുറം തിരിഞ്ഞു കാല പ്രയാണത്തെ തടയാൻ ,
ഈ കാലം തന്നെ സൃഷ്ടിച്ചു പോറ്റി വളർത്തി ഒടുവിൽ ആയുസ്സറ്റ 

ജീർണ്ണ വ്യവസ്തകൽക്കാവുന്നതെങ്ങനെ?.  അഹങ്കാരവും 
അഹംഭാവവും വിവേകമില്ലായ്മയും കൊണ്ട് ഏറ്റവുമൊടുവിൽ 
 കൊമ്പ് കുത്തിയത് നാലു കേട്ടിന്റെയും എട്ടുകെട്ടിന്റെയും 
 ഉള്ളറകളെ വെളിച്ചത്തിൽ നിന്നും പ്രതിരോധിച്ച 
ജന്മിത്വത്തിന്റെ , നാടുവഴിത്വത്തിന്റെ
മോന്തായങ്ങളാണ് .
ജന്മിത്വവും നാടുവാഴിത്തവും പൂർണമായി തകർന്നു 
എന്ന് കരുതുന്നവർ ഉണ്ടാവും .
അത് തെറ്റായ വിലയിരുത്തലാണ് .ഇവിടെ അത് രൂപം 
 മാറിയിട്ടെയുള്ളൂ ,കാലത്തിനൊത്ത 
കോലം കെട്ടി പഴമയുടെ ഉപാസകരായി വിശ്വാസവ്യാപാരം 
ആധുനിക മേല്ക്കോയ്മയുടെ ഉത്തമ ഇടമായി 
വളര്ത്തി കൊടിയ മാർദ്ദക - മർദ്ദിത
ചൂഷണം വേറൊരു തലത്തിൽ ഇവർ  ഭംഗിയായി 
നിർവഹിക്കുന്നു.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ പൂർണമായി ഒന്നിനെയും 
നശിപ്പിക്കാൻ
ആവില്ല . യുദ്ധം ഇന്നും തുടരുന്നു !
ശത്രു പാളയത്തിൽ വലുംച്ചുരുട്ടി ഉച്ചിഷ്ടം  കാത്തു നാവും 
നുണഞ്ഞിരിക്കുന്നവരെ എത്രയോ നാം കാണുന്നു .
പണ്ട് വിളിച്ച മുദ്രാവാക്ക്യങ്ങൾ സൗകര്യം പോലെ മറന്നു 
പുതിയ എജമാനനു മുമ്പിൽ തന്റെ കൂറു കാട്ടാൻ 
ചേരാത്ത വേഷം കെട്ടി കൊമാളികളാകുന്നവർ എത്ര ?
ഈ വേഷത്തിലെ അശ്ലീലം ഇവരെന്തേ അറിയുന്നില്ല ?
അതല്ല ഇത് വെറും മുപ്പതു വെള്ളി കാശിനു 
വേണ്ടിയുള്ള ഒറ്റു പണിയോ ?
ഇവിടെയും പുതിയ സമരമുഖങ്ങൾ കാലം തുറക്കും .
 അന്ത്യ മില്ലാത്ത സമരങ്ങൾ പുതിയ സംസ്കാര തീരങ്ങൾ തീർക്കും 
ഈ തീരങ്ങൾ സൃഷ്ടിക്കുന്ന നന്മയുടെ, ശരിയുടെ ഗർജ്ജനങ്ങൾ 
നാടാകെ പ്രകമ്പനം കൊള്ളുമ്പോൾ വിഷജീവികൾ നടോഴിയും 
അല്ലെങ്കിൽ വിഷം ഉള്ളിലടക്കി ഒതുങ്ങും
മറ്റൊരു രൂപ പരിണാമംവരെ
എന്നാലും എങ്ങും ഒരുനാളും സമരം അവസാനിക്കുന്നില്ല 
സമരവും സംസ്കാരവും ഒത്തുചെർന്നങ്ങനെ 
നവപഥങ്ങൾ വെട്ടിത്തുറന്നു യാത്ര തുടരും !
നവമുതലാളിത്തം അവന്റെ സംസ്കാരം വളരുവാൻ
നവമാധ്യമങ്ങളിലൂടെ എന്തൊക്കെ ചെയ്യുന്നു ?
അമ്പമ്പോ , കഷ്ടം! കഷ്ടം!
ഒരു ജനതയെ തകർക്കാൻ ആദ്യം അവന്റെ 
സംസ്കാരം തകർക്കണം !ഭാഷ തകർക്കണം !!
പിന്നവന്റെ മനസ്സും ബുദ്ധിയും തനിയെ തകർന്നോളും !!!
ജനമേ നീ ഈയാം പാറ്റപോലെ 
എന്തിനിതിന്റെ പിറകെ പായുന്നു ?
ഒറ്റപ്പെടലിന്റെ തുരുത്തിൽ നീയുഴറുമ്പോൾ 
സാന്ത്വനമേകാൻ മക്കളെവിടെ ?
ബന്ധുകളെവിടെ ?
അയൽക്കാരെവിടെ ?
ഈ സമൂഹമെവിടെ ?
നിന്റെ ജന്മ ദൗത്യം എന്തായിരുന്നു?
ജീവിതയാത്രയിൽ തിരിഞ്ഞു നോക്കുമ്പോൾ
നീ ആരായിരുന്നു?
നീ സമ്പാദി ച്ച തോക്കെ ആർക്കായിരുന്നു ?
അവരൊക്കെയും നിന്റുറ്റവാരോ ഉടയവരോ?
നീ ഒന്നോർക്കുക ! ഇവർ വരച്ചു കാട്ടുന്നതല്ല ജീവിതം!!
അവർ ചെയ്യുന്നത്
ചരടിനോത്തു കളിക്കുന്ന പാവകളെ സൃഷ്ടിക്കലാണ് !
ഇതിനെ അതിജീവിക്കാനും വേണം ഇടപെടൽ !!
വ്യക്തിയും കുടുംബവും സമൂഹവും തമ്മിൽ സമന്ന്വയിച്ചു   
ബൗദ്ധിക സാമ്പത്തിക മണ്ഡലങ്ങൾ പരസ്പരം പങ്കു
വയ്കുവാൻ ആശയപരമായ പോരാട്ടം ഉയർത്തുക  
 എന്നതാണ് ഇന്നു കാലം ആവശ്യപ്പെടുന്ന എറ്റവും 
വലിയ സാംസ്കാരിക ഇടപെടൽ 
എന്ന് ഞാൻ കാണുന്നു .


 by. N.Rajasekharan Unnithan







Monday, 6 May 2013

                     

 എന്തിനീ സ്വാർത്ഥത !

             ആർക്കും ഒന്നിനും നേരമില്ല . എന്തൊരു തിരക്കാണ് . അന്തം വിട്ടുള്ള ഈ പാച്ചിലിൽ 
സമയം പോകുന്നതറിയുന്നതേയില്ല . നിമിഷങ്ങൾ ,മിനിട്ടുകൾ , മണിക്കൂറുകൾ ,ദിവസങ്ങൾ ,ആഴ്ച്ചകൾ , മാസങ്ങൽ , വർഷങ്ങൾ ഇങ്ങനെ ആയുസ് ശീക്രം കടന്നു പൊയ്കൊണ്ടിരിക്കുന്നു . ബാല്യം , കൌമാരം , യുവത്വം ഇതൊന്നും വന്നു പോകുന്നത്  ഈ തിരക്കിൽ അറിയുന്നതേയില്ല . വാർദ്ധക്ക്യം  വന്നു ഒറ്റപ്പെടലിന്റെ തുരുത്തിൽ ക്ഷീണിച്ച മനസും തളർന്ന ശരീരവുമായി ഏകാനായിരിക്കുമ്പോൾ സ്മൃതി പന്ഥാവിലൂടെ മിന്നിമറയുന്ന ചെറു തുണ്ടുകൾ മാത്രമാകുന്നു ഈ യുവത്വവും കൌമാരവും ബാല്യവുമൊക്കെ . ഓർമയിൽ സ്ഥായിയായി തങ്ങി നില്ക്കുന്നത് വല്ലതുമുണ്ടോ ? അച്ഛൻ , അമ്മ മറ്റു ബന്ധുക്കൾ ഇവരുടെ പരിലാളന ?
പുസ്ടകകെട്ടിന്റെ ഭാരതത്തിലും പഠിക്കാൻ ചെലുത്തുന്ന സമ്മർദ്ധത്തിലും  അതൊക്കെ ബാലകൗമാര മനസിന്റെ ആഴങ്ങൾ തൊടാതെ പോകുന്നു .യുവത്വത്തിൽ കണ്ണിനെ, മനസ്സിനെ, ശരീരത്തെ  ത്രസിപ്പിക്കുന്ന എന്തെല്ലാം കാഴ്ച്ചകൾ . അവയിൽ ഭ്രമിച്ചും രമിച്ചും രുചിച്ചും പായവേ    കാലപ്രയാണം അറിയുന്നതേയില്ല . അതല്ലെങ്കിൽ ജീവിത യാത്രയിൽ ചുമലിൽ തൂങ്ങിയ  ഭാരങ്ങൾ ഭദ്രമായി കരക്കടുപ്പിക്കാൻ നെട്ടോട്ടമോടിയപ്പോൾ ഈ  യുവത്വം തന്നെ മറന്നുവോ ? എന്തായാലും സായന്തനത്തിൽ പിന്നിട്ട വഴികളിലെ മുള്ളും മലരും മനസ്സിനെ കുളുർപ്പിക്കുന്നില്ല . ചെയ്യേണ്ടിയിരുന്നത് ചെയ്തില്ല എന്ന തോന്നൽ . 
ചെയ്തതൊക്കെയും എന്റെ മനസ്സിന്നു സുഖം പകരുന്നത് മാത്രമായിരുന്നു . ഭാര്യ , മക്കൾ , അയൽക്കാർ , സമൂഹമാകെ എന്റെ ഇഷ്ടങ്ങൾക്കു കീഴ്പെട്ടു വലയുന്നത്  ഒരു നിമിഷം ചിന്തിക്കാതെ ഞാൻ ഓടുകയായിരുന്നു . വന്നു നില്ക്കുന്നതെവിടെ ? പിന്നിട്ട വഴികളുടെ ദൂരം അറിയാതെ,  നെഞ്ചിനു സാന്ത്വനമേകും ചൂടും തണുപ്പും അറിയാതെ ,ചുട്ടു പൊള്ളുന്ന വിസ്തൃത മരുഭൂവിൽ !.പിന്നെന്തിനീ നെട്ടോട്ടം ?. എല്ലാവർക്കും ചിന്തിക്കാൻ കൊള്ളാവുന്നതാണിത് . വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യാൻ നമ്മുടെ സ്വാർദ്ധത പലപ്പോഴും നമ്മെ അനുവദിക്കാറില്ല എന്നതാണ് സത്യം . സ്വാർത്ഥത വെടിഞ്ഞു പരസ്പരം ആലോചിച്ചു യോജ്യമായ കാര്യങ്ങൾ ചെയ്യാൻ മുതിർന്നാൽ വയസ്സുകാലത്ത് മനസാക്ഷികുത്തില്ലാതെ കഴിഞ്ഞുകൂടാം എന്ന് ഞാൻ കരുതുന്നു .

Sunday, 7 April 2013

 നരൻ 

മനുഷ്യൻ ആരാന്നാ വിചാരം , വല്യ ആളല്യൊ !
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ  ,അവനല്യോ !
മണ്ണും പ്രകൃതിയും കുറെ ജീവജാലങ്ങളും
പണ്ടിതല്ലായിരുന്നോ ഭൂമി !
ജീവജാലങ്ങൾ കിട്ടിയതൊക്കെ തിന്നു ജീവിച്ചു
ഫലഭോജികൾ ,മാംസഭോജികൾ
വനത്തിൽ മറ്റു ജീവികല്ക്കൊപ്പം മനുഷ്യനും  ജീവിച്ചു
എങ്ങനാ ജീവിച്ചത് ?
ഭക്ഷണത്തിനും , തലചായ്ക്കാനോരിടത്തിനും
തങ്ങളിൽ തങ്ങളിലും മറ്റ് ജീവികളോട്  മല്ലിട്ടും !
അങ്ങനെ  പോരാട്ടവീര്യം അവന്റെ രക്തത്തിലേക്കിരച്ചു കയറി !
കരുത്തുള്ളവൻ നേതാവായി
രാജാവായി , ചക്രവർത്തിയായി
 പ്രസിഡന്റും പ്രധാനമന്ത്രിയുമായി
ജനാധിപത്യമെന്നാ  പറയുന്നത്
ജനഹിതം, കടലും കടലാടിയും പോലെ
 നേരും നെറിയും വേണ്ട
തന്ത്രങ്ങളും മന്ത്രങ്ങളും മതി
എന്തു അരുതായ്മകളും കാട്ടിക്കൂട്ടാം
ആരുമറിയരുതെന്നു  മാത്രം
അറിഞ്ഞാലും മിണ്ടിപ്പോകരുത്‌!
പിന്നെ ആട്ടിനെ പട്ടിയാക്കാൻ പോന്ന
വൈഭവമുള്ളവരൊത്തിരി ചുറ്റുവട്ടത്തുണ്ടാവുകയും വേണം !
മുതലാളിമാരാരാന്നാ വിചാരം ?
മുതലിറക്കാൻ ശേഷിയുള്ളവരല്യോ
മുതലിറക്ക്യാ പിന്നെ ലാഭം വേണ്ടേ
ചില്ലറ ലാഭം മതിയോ
എല്ലാം കൈപിടിയിലൊതുക്കണ്ടേ!
ഒതുക്കേണ്ടവനെയൊക്കെയൊതുക്കി മുന്നേറണ്ടേ ?
പിന്നെയധികാരം , ഭരണം
എന്തെല്ലാം ഏർപ്പാടുകൾ !
കസേരയിലിരുന്നു വായ്മൊഴി പെയ്യുന്നവർക്കു
വീഴാൻ പോകുമ്പം താങ്ങാനും പൊക്കാനും
കരങ്ങൾ സംഭാവന ചെയ്യുന്നതിന്റെ
ചെലവെന്താന്നാ വിചാരം ?
അതു പിന്നെ കച്ചി കെട്ടാൻ വള്ളി കച്ചീന്നു തന്നല്യൊ !
കൊടും വെയിലിൽ ഗതികെട്ടവന്മാരുടെമേൽ
ആശ്വാസമായിറ്റിയിരുന്ന ചാറ്റൽമഴയിപ്പോൾ
കരുത്താർജ്ജിച്ചീ മുതലാളിമാരുടെ മേനി കുളിർപ്പിക്കുന്നത് 
പിന്നെന്തിന്റെ പേരിലാന്നാ വിചാരം?
ഒരു പാലമിട്ടാലങ്ങോട്ടുമിങ്ങോട്ടുമെന്നാ നാട്ടുനടപ്പ്
അതിനു വെറുതെ കണ്ണ് കടിച്ചിട്ടു കാര്യമുണ്ടോ ?
വികസിച്ചു വികസിച്ചു മുന്നേറാൻ പണം വേണം
പണം മുടക്കാൻ മുതലാളി വേണം
എന്നതല്യോ ഇന്നത്തെ ആപ്ത വാക്ക്യം !

മനുഷ്യനരാന്നാ വിചാരം ?
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ , അവനല്യോ !
കപ്പല് പണിതു , വിമാനം പണിതു
കോട്ടയും സൗധവും പണിതു !
പ്രകൃതിയവന്  ജീവ സന്താരണോപാധി !
കാടും നാടും പാടവും പറമ്പും പാറയും മണലും ജലവും നദിയും
മത്സ്യമൃഗങ്ങളുരഗങ്ങളുമെല്ലാമവന്റെ തീരാവിശപ്പിൻ മുന്നിലെ ഇരകൽ
വയററിയാതെ  തിന്നുകയാണ്
തിന്നജീർണം പിടിച്ചുഴലുകയാണ്
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ജൈവ
ബന്ധമറിയാതെ കടുംവെട്ടു വെട്ടിയുംമണിസൗധം
പണിതും ജീവിത മാസ്വതിപ്പൂ കയ്യൂക്കുള്ളവർ
 നോക്കുകെങ്ങും വികസന വിരോധികൾ
വഴിമുടക്കികൾ , ഇവരുടെ വായടപ്പിക്കുവാൻ
 ഭരിക്കുന്നോർക്കിലയിട്ടൂണ് വിളമ്പിയും
അഗ്രമൂല്യ നോട്ടുകൾ പണ്ടങ്ങൾ മുടങ്ങാതർച്ചന  നടത്തിയും
പുത്രകളത്രാതികളോടൊപ്പം സ്വപ്നം കാണുന്നു കനക സൂര്യോദയം !
സർവ്വനാശത്തിൻ മുകളിലൊരു സ്വർലോകം !!
കഷ്ടം! അറിവില്ലായ്മ ക്കുയരം വച്ചാൽ
ഒടിഞ്ഞു നിലംകുത്താതെ തരമുണ്ടോ ?

 ഭരണം ഭരണം ഭാവിതൻ  ശോഭന ദർശനം !
സമീകൃതപരിസരമൊരുക്കി വളർത്തി
നാളെയുടെ കരുത്തൂട്ടി വളർത്തി
ഭയമില്ലാതെ മുന്നേറാൻ പാതയൊരുക്കു മധികാരം !! 

മനുഷ്യനരാന്നാ വിചാരം , വല്യ ആളല്യോ
ദുരമൂത്തു യുദ്ധം ചെയ്തു സർവനാശം വിതക്കുന്നവൻ
ഉറ്റവരെയും ഉടയവരെയും സ്നേഹച്ചൂളയിൽ പോറ്റുന്നവൻ
ഒടുവിൽ ഇരിക്കുന്ന കൊമ്പു മുറിച്ചാ ചൂളയിൽ വീണൊടുങ്ങുന്നവൻ!












Friday, 29 March 2013



                ഇന്ത്യയിൽ നടക്കുന്നത് 

ലോകമുതലാളിത്തം ഇന്ന് പ്രതിസന്ധി യിലാണ് . ആ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളുടെ
ചെലവിൽ മറികടക്കാനാണ് അവർ ശ്രമിക്കുന്നത് . അതിനു ലോകബാങ്കും I.M.F- o അവരുടെ
ഏജെന്റ് മാരായി പ്രവർത്തിക്കുന്നു . മൂന്നാം ലോക രാജ്യങ്ങൾക്ക് വായ്പ അനുവദിക്കുന്നതിൽ
അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥകളിലൂടെ മുതലാളിത്ത  താൽപ്പര്യം ഇവർ ഉറപ്പാക്കുന്നു .
തല  വയ്ക്കുന്ന രാഷ്ട്രങ്ങൾ ഇവരുടെ ചൂഷണങ്ങളിൽ അമർന്നു തകരുന്നു.  സ്വതന്ത്ര വ്യാപാരം
മൂലധനത്തിന്റെ എവിടെയും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം  . സബ്സിഡി ഒഴിവാക്കൽ
സേവന മേഘല തുറന്നുകൊടുക്കൽ. വിദ്യാഭ്യാസ സാംസ്കാരിക മേഘലകളിൽ സ്വൈര വിഹാരം
നടത്താനുള്ള അവകാശം ഇതെല്ലാം പുതിയ വായ്പ്പയ്ക്കുള്ള വ്യവസ്ഥകളായ്‌ അടിച്ചേൽപ്പിക്കപ്പെടുന്നു .
പലവിധ സമ്മർദ്ദങ്ങളാൽ മൂന്നാം ലോക രാജ്യങ്ങൾ ഇത് അംഗീകരിക്കപ്പെടുവാൻ നിർബന്ധിതരാകുന്നു .
ഇതാണ് ഇന്ത്യയിലും നടക്കുന്നത് . പാവപ്പെട്ടവർ അതിന്റെ തിക്ത ഫലമനുഭവിക്കുന്നു.
ഇത് മനസ്സിലാക്കി ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ  തൊഴിലാളി കൾക്കും , പാവപ്പെട്ടവർക്കും
ഇവിടെ ജീവിക്കാൻ പറ്റാത്ത സ്ഥിതി വളരെ പെട്ടെന്നുണ്ടാകും . അതിന്റെ ദൃശ്യങ്ങൾ
ഇന്ത്യയിലുടനീളം ഇപ്പോഴേ കാണാവുന്നതാണ് .
                                                  കപടത
                       ഒരു മഹത് വ്യക്തി യെ അപമാനിക്കുവാനുള്ള എളുപ്പമാർഗം അദ്ദേഹത്തിന്റെ  പ്രതിമയുണ്ടാക്കി മാല ചാർത്തി ആരാധിക്കുക എന്നതാണ്.
അദ്ദേഹത്തന്റെ വചനങ്ങൾ ആരും അനുസരിക്കുന്നില്ല ,പ്രചരിപ്പിക്കുന്നില്ല. അദ്ദേഹം സർവർക്കുമായി  സ്ഥാപിച്ച സ്ഥാപനങ്ങൾ
തങ്ങളുടെ  കൈകാര്യ കര്തൃത്വത്തിൽ ഒതുക്കുന്നതിന് ആശയങ്ങളേക്കാൾ വ്യക്ത്തി പൂജക്കാണ് കരുത്ത് എന്ന്
ഇവർക്ക് നന്നായ് അറിയാം. ചുറ്റും നോക്കൂ പ്രതിമകൾ.. ! , പ്രതിമകൾ ... !!! വ്യക്തിയുടെ വ്യക്തിത്വം ജ്വലിപ്പിക്കുന്ന ആശയം
മറച്ചുവച്ചു പടം പൂജിപ്പിക്കുവാൻ വ്യഗ്രത കാണിക്കുന്ന ഇവർ മുന്നിൽ കാണുന്നത് വ്യവസായം മാത്രമാണ് എന്ന് ഈ മാർജ്ജാര
സ്വഭാവികൾ ഒഴിച്ചു സകലരും അറിയുന്നു . ഇവരുടെ ആധിക്ക്യം വർദ്ധിച്ചു വരുന്നത് കാരണം ഈ മഹത് വ്യക്തികൾ
പൊതു വ്യക്തിത്വത്തിൽ നിന്നും മാറി ഒരു ചെറു ന്യുനപക്ഷത്തിന്റേതായ് വിഭാഗികവൽക്കരിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ
സൃഷ്ടിക്കുന്ന വിള്ളൽ ചെറുതല്ല . എല്ലാറ്റിന്റെയും കാതൽ സമൂഹ നന്മയാണ് എന്ന തിരിച്ചറി വിലേക്ക് എല്ലാവരെയും
എത്തിക്കുന്നതിനും ജാതി മത വർഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ മഹാന്മാരെയും അവരുടെ ആശയങ്ങളെയും മാനിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും യത്നിക്കുകയും ചെയ്യുന്നവരാണ് സമൂഹ പുരോഗതിക്കു ആവശ്യം. അല്ലാതെ ഇതിൽ വ്യവസായം കണ്ടു നൂറുമേനി
കൊയ്യാൻ ഇറങ്ങിയിട്ടുള്ളവർ ഇവരുടെ ശിഷ്യന്മാരോ ദാസന്മാരോ അല്ല . ഇവർ  ചെയ്യുന്ന  ദ്രോഹം തിരിച്ചറിഞ്ഞു
യാഥാർത്ഥ്യം   തുറന്നു  കാട്ടുവാൻ പോതുപ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്

Tuesday, 12 February 2013

                                      പ്രകാശം 

                     കേരളം പലതുകൊണ്ടും പ്രത്യേകതകളുള്ള പ്രദേശമാണ് . മതസൗഹാര്‍ദ്ദത്തിലാണെങ്കില്‍ നാം അഭിമാനാര്‍ഹമാം വിധം മുന്‍പന്തിയിലായിരുന്നു.ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ അവരുടെ സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവച്ചു ഐക്ക്യത്തോടെ ഇടപഴകി കഴിഞ്ഞിരുന്നു. ഓണവും പെരുന്നാളും ഈസ്റ്ററും  എല്ലാവരും കൂടിച്ചേര്‍ന്ന് ആഘോഷിച്ചിരുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായിരുന്നു. ഇന്ന് എന്തോ? എവിടെയൊക്കെയോ ചില ചോദ്യചിഹ്നങ്ങള്‍ ഉയരുന്നു
ഓരോരുത്തര്‍ക്കും അവരവരുടെ സ്വത്വത്തില്‍ ഒതുങ്ങാനുള്ള പ്രവണത വളര്‍ന്നു വരുന്നതായി കാണുന്നു. മത ജാതീയ സംഘടനകള്‍ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായും തോന്നുന്നു  . ഇത് ഭാവി കേരളത്തിനു ഗുണകരമല്ല തന്നെ.
ഒരു മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഇതര മതങ്ങളോട് സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താന്‍ നമുക്കു കഴിയണം . എല്ലാ മതത്തിന്റെയും സത്ത മാനവ നന്മയാണെന്ന തിരിച്ചറിവും നമുക്കുവേണം . ആപത്തില്‍ പെട്ടവനെ, നിരാലംബനെ  ജാതിയും മതവും നോക്കാതെ സഹായിക്കുമ്പോള്‍ അവന്‍ ദൈവസാന്നിധ്യം  അനുഭവിക്കുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന നന്ദിയുടെയും കടപ്പാടിന്റെയും ബഹിര്‍സ്പുരണങ്ങള്‍ ചിലപ്പോള്‍ അദൃശ്യമാണെങ്കില്‍ പോലും  അത്  ഔന്നത്യ പ്രദായകമാണ് . അത് ദൈവ തുല്യമായ മഹത്വത്തിലേക്കു നിങ്ങളെ ഉയര്‍ത്തും.  തീര്‍ച്ച . അത് മാത്രമല്ല  നാം മത വിശ്വാസി ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസിക്കാനും  വിശ്വസിക്കാതിരിക്കാനുമുല്ല അവകാശത്തെ അംഗീകരിക്കുന്നതിനും അവനോടോത്തുചെര്‍ന്നു രാഷ്ട്ര പുരോഗദിക്കുവേണ്ടി യത്നിക്കുന്നതിനും നമുക്കു കഴിയണം . എങ്കില്‍ മാത്രമേ മതേതരത്തിലധിഷ്ടിതമായ കേരളം കെട്ടിപ്പടുക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. ഒരു പൗരന്‍ എന്ന നിലയില്‍ ചുറ്റും  പ്രകാശം പരത്തി ജീവിക്കാന്‍ കഴിയുകയുള്ളൂ. മഹിത കേരളഭൂവിനെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റുവാന്‍  കഴിയുകയുള്ളൂ . അതിനുവേണ്ടി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.