Sunday, 9 June 2013

        താരാട്ട് 

ആനന്ദ തുന്തില തൂമ പകരുന്ന -
യാരോമൽ പൈതലേ നീയുറങ്ങ് !
ഏതൊരു ഹൃത്തിലും ചന്ദ്രനുദിപ്പിക്കും 
സാരള്യ സാരമേ യുറങ്ങുങ്ങ് !!

ആരാമ രോമാഞ്ചം പീതാംബരം ചുറ്റി 
പുലർച്ചയ്ക്കുണർന്നു ചിരിക്കുംപോലെ 
കുഞ്ഞു മനസ്സിനു കൗതുകം പകരുവാൻ 
തൊങ്ങലു ചാർത്തിയ തൊട്ടിലിൽ നീ 
അരിമുല്ലപ്പൂമൊട്ടിൻ കാന്തിയെ വെല്ലുന്ന
ദന്ത മുകുളങ്ങൾ കാട്ടി ചിരിച്ചുകൊണ്ടാൽ
അമ്മയ്ക്കടുക്കള പൂകുവാനാകാതെ 
നിൻ മണിക്കൊഞ്ചലിൽ മുഴുകുമല്ലോ!!

ഉച്ച തിരിയുമ്പോളച്ഛനണയുമ്പോളൊ -
ത്തിരി വൈകാതൂണിനിലവയ്ക്കാൻ
ചോറും കറികളുമാകാതെവന്നെന്നാൽ
കത്തും ദേഷ്യക്കനലുകളോമനെ
നിൻ മണിച്ചുണ്ടിൽനിറഞ്ഞൊഴുകും  പാൽ - 
നിലാപുഞ്ചിരിത്തേനാലണച്ചിടേണം 

ഉറങ്ങാതീമഞ്ചത്തിൽകിടന്നുകൊണ്ടിങ്ങനെ
നിർത്താതെ കാട്ടുന്നയാഹ്ലാദത്തിരകളാം
വിരുതുംവികൃതിയുമരുമക്കിടാവേ  -
ചൊല്ലുമോ!നീയേതുകളരിയിലഭ്യസിച്ചു !!
ഭാരതനാരി, തൻ പൂമണി മുത്തിനെ- 
യുദരത്തിൽ പേറുന്ന നാളുകളിൽ 
കനവു കാണുന്നതൊക്കെയുമാ കള്ള -
ക്കണ്ണൻ തന്റെയമ്പേറുമതിരറ്റ വികൃതികൾ !
അർജുന പുത്രനഭിമന്യുവിനെപ്പോലെ 
പൈതലേ നീയും ഗ്രഹിച്ചതാണോ !!
                 By
n.rajasekharan unnithan

Thursday, 6 June 2013

                          
             സ്ത്രീ
ഇന്നലെ ഞാനോരാര്‍ഭാട കന്ന്യക, സായം-
സന്ധ്യയില്‍ മഷിയെഴുതി
പൊട്ടും തൊട്ടു മധുര മനോജ്ഞ കനവുകളില്‍
 വിഹരിച്ചവല്‍
എന്റെ ചിന്തകളില്‍ വളര്‍ന്നതോക്കെയുമാ
രാമന്റെ തിരുരൂപം
വൈദേഹിക്കു രാമനും രാമനു വൈദേഹിയും
ഹാ! എന്തൊരു ചേര്‍ച്ച
സല്ലപിച്ചീടും കബോതങ്ങളെ നോക്കിയമ്പു 
തൊടുത്ത വേടന്റെ
കത്തിക്കാളിയ വിശപ്പിന്‍ വിളി ജ്ഞാനി
വാല്മീകിയും കേട്ടതില്ല
ചൊല്ലീ ‘ മ ‘ യിന്നും ധ്വനിക്കുന്നിതു പതിതന്റെ
തീനിന്‍ നേരുകളില്‍
ചുരന്ന മൊഴികളില്‍ പൂത്തതോ രാമചന്ദ്ര
പ്രകീര്‍ത്തനങ്ങളും  
പെണ്ണിന്‍ ലോലത തിങ്ങും  നെഞ്ചില്‍ ജന്മത്തിന്‍
തുടുപ്പു നേരിപ്പോടായപ്പോള്‍
ആരാന്റെ വായ്മൊഴി തുമ്പില്‍ ഹ! കൈ കഴുകിയോനീ
പുരുഷോത്തമന്‍
ആരണ്യം പൂകിയോരോമലാളോ പാവക സ്നാന
പരിശുദ്ധയും
സത്യമുള്ളില്‍ കത്തുമ്പോഴും പുറം ലോകത്തിനു ചെവി
കൊടുപ്പതോ നീതി
വീണ്‍വാക്കു  കേട്ടു കാടു കാട്ടുന്ന വല്ലഭന്മാര്‍ക്കെന്നും
 ദൃഷ്ടാന്തമേ
നിത്യവുമന്തിക്കു പാരായണം ചെയ്തു യോഷകള്‍
ചൂടുന്നീ ഭാരം
അഗ്നികുണ്ടത്തില്‍  നിന്നുയരാന്‍ ഞാന്‍ ഭൂമീപുത്രി
മൈഥീലീയല്ലല്ലോ  
ചഞ്ചല ചിത്തന്‍ കാന്തനു മേലില്‍ നേരു തൊറ്റാനൊരു
നാരി മാത്രം  

n.rajasekharan unnithan   

Wednesday, 5 June 2013

                  വിത്തെടുത്തു കുത്തരുത് !
          നമ്മുടെ ലോകം കഴിഞ്ഞ കുറെ നാളായി വല്ലാത്ത മാറ്റങ്ങൽക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് . നാൾക്കുനാൾ പുതിയതിലേക്കുള്ള പരക്കം പാച്ചിലിൽ പഴയതൊക്കെ നശിക്കുകയാണ് . പഴമയുടെ മൂല്യം പുതിയ തലമുറ അറിയുന്നില്ല , അവരെ പഠിപ്പിക്കാനും ശ്രമിക്കുന്നില്ല എന്നതും ഗൗരവമുള്ള കാര്യമാണ് .ലോകത്താകെ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ നേരിട്ട് കാണാനും മനസ്സിലാക്കാനും കഴിയുമ്പോൾ അതിലെ നന്മകളെക്കാൾ പുതുതലമുറയെ സ്വാധീനിക്കുന്നത് അതിലെ തിന്മകളാണ് . അതുകൊണ്ടുതന്നെ ലോകം പൊതുവെ ഭീതിയുടെ നിഴലിലാവുന്നു . കാലാവസ്ഥ മാറുന്നു , ഭക്ഷണക്കമ്മി ഉണ്ടാകുന്നു , വെള്ളം കിട്ടാതാവുന്നു , രോഗം പടരുന്നു ഇതൊന്നും അവരുടെ സജീവ ശ്രദ്ധയിൽ വരുന്നില്ല . അവർ വിവിധ മാധ്യമങ്ങൾ ഉയർത്തുന്ന മാസ്മരികതയിൽ മയങ്ങുന്നു . പ്രകൃതി , ധാതുക്കൾ , ജലം , മണ്ണ്‌,  നദികൾ , തടാകങ്ങൾ  എന്നുവേണ്ട പൊതുവായി അനുഭവിക്കേണ്ട സർവതും ഏതാനും ചിലർ കയ്യടക്കി അധീശത്വം സ്ഥാപിക്കുമ്പോൾ  അരുത് എന്ന് പറയാൻ ഈ യുവതക്കാവുന്നില്ല . മാധ്യമം അതിന്റെ മുതലാളിയോട് കൂറു പുലർത്തും . ആ തിരിച്ചറിവ് ചെറുപ്പക്കാരിൽ പകരാൻ കരുത്തുള്ള നാവുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു .
           കേരളത്തിൽ ഇന്ന് കടും വെട്ടിന്റെ കാലമാണ് , നദികൾ  വറ്റി , മണൽ തീർന്നു , പാറകൾ എത്രനാൾ ?, വനങ്ങളും വനവിഭവങ്ങളും ചുരുങ്ങി ചുരുങ്ങിയെങ്ങോട്ടു ? ജലം കിട്ടാകനി! . ഭരിക്കുന്നോർക്ക് ഒരു വേവലാതിയുമില്ല . ചൂഷണത്തിന് എല്ലാ സഹായവുമായി കക്ഷി രാഷ്ട്രീയ ഭേദമെന്ന്യേ നേതാക്കന്മാർ റെഡി ! നാളത്തെ കാര്യം നാളെ . യോഗമുള്ളവന്മാർ ജീവിക്കട്ടെ , അല്ലാത്തവന്മാർ പോയി തുലയട്ടെ! ഇതാണ് നയം !!. ഭരണം നിഷ്പക്ഷമായിരിക്കണം . ഓരോ തീരുമാനവും നാളെയെ കണ്ടുകൊണ്ടായിരിക്കണം എന്നതൊക്കെ പഴഞ്ചൻ സങ്കല്പങ്ങൾ!!! . ആകെ ചുരുക്കി ഒന്നേ പറയാനുള്ളൂ  ഇന്ന് കൊട്ടി ഘോഷിക്കുന്ന മാറ്റങ്ങൾ  നാളെയുടെ നേരവകാശികളായ ചെറുപ്പക്കാരുടെ നിക്ഷേപങ്ങൾ ധൂർത്തടിച്ചുകൊണ്ടാകരുത് !!!