മരുഭൂമികൾ സൃഷ്ടിക്കുകയാണ് ! (ഇതൊരു ചർച്ചയാണ്. ബഹുമാന്യ വായനക്കാർക്ക് ഇതിന്മേലുള്ള
അഭിപ്രായം രേഖപ്പെടുത്താം )
കൊല്ലത്തിന് എന്ത് പറ്റി? എത്രയോ മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ള നാടാണിത്! സാഹിത്യത്തിൽ കെ.സീ. കേശവപിള്ള, അഴകത്ത്പദ്മനാഭക്കുറു പ്പ് , ലളിതാംബിക അന്തർജ്ജനം , ഓ.എൻ.വി ,കാക്കനാടൻ, എ.പി.കളക്കാട് ,പുനലൂർ ബാലൻ , തോപ്പിൽഭാസി , തിരുനെല്ലൂർ, ഡി.വിനയചന്ദ്രൻ ....... കാഥികന്മാർ സാംബശിവൻ, കൊല്ലംബാബു, ഇരവിപുരം ഭാസി , വെളിനല്ലൂർ വസന്തകുമാരി , ..... രാഷ്ട്രീയത്തിൽ സീ.കേശവൻ, ആർ.ശങ്കർ, കെ .ബാലകൃഷ്ണൻ , സി .പി .കരുണാകരൻ പിള്ള, വെളിയംഭാർഗവൻ , ഇ .ചന്ദ്രശേഖരൻ നായർ, കോട്ടാത്തല സുരേന്ദ്രൻ, എം.എ .ബേബി , എൻ.ശ്രീകണ്ടൻ നായർ,പി.കെ .ഗുരുദാസൻ , റ്റീ.കെ .ദിവാകരൻ, ബേബി ജോണ്‍. ...... സിനിമയിൽ കൊട്ടാരക്കര ശ്രീധരൻനായർ, ജയൻ, ജി.കെ .പിള്ള , തോപ്പിൽ ഭാസി ,ദേവരാജൻ മാഷ് , രവീന്ദ്രൻ മാഷ് ,സുരേഷ്ഗോപി , ബാലചന്ദ്രമേനോൻ , ഭരത് മുരളി, മുകേഷ് ......നാടകത്തിൽ തൊപ്പിൽഭാസി , വയലാ വാസുദേവൻ പിള്ള , ജനാർദ്ദ നക്കുറുപ്പു, കേശവൻ പോറ്റി ,ഒ .മാധവൻ ..... അദ്ധ്യാപനത്തിൽ ഇളംകുളം കുഞ്ഞൻ പിള്ള സാർ , ശൂരനാട് കുഞ്ഞൻപിള്ള സാർ ,എഴുകോണ്‍ ശിവശങ്കരൻ സാർ, പന്മന രമചന്ദ്രൻ നായർ സാർ ,കെ.പി . അപ്പൻ സാർ, ശ്രീനിവാസൻ സാർ, ..... സ്പോർട്സിൽ സുരേഷ്ബാബു ....(പെട്ടെന്ന് ഓർമ്മയിൽ വന്ന ചില പേരുകളാണ് ഇവിടെ പറഞ്ഞിട്ടുള്ളത് . ഇനിയുമെത്രയോ പേർ ...) ഇങ്ങനെ പട്ടിക നീളുന്നു . ഇന്ന് ഇവര്ക്ക് പിന്തുടർച്ചക്കാരെവിടെ? ഇത് കൊല്ലം ജില്ലയുടെ മാത്രം കാര്യമല്ല എല്ലാ ജില്ലകളുടെയും സ്ഥിതി ഇതാണെന്നു തോന്നുന്നു .എന്തുകൊണ്ട് ഇങ്ങനെ? ചിന്തിക്കേണ്ട കാര്യമാണ് ? പ്രതിഭയും സർഗശേഷിയും മുളപൊട്ടി വളരാതെ എവിടെയോ വച്ചു കൂമ്പടയുന്നു . അനുഭവരാഹിത്യമാണോ ഇതിനു കാരണമാകുന്നത് ? പഴയകാല ജീവിതത്തിൽ (സാമൂഹിക ഉച്ചനീചത്വത്തിൽ , വിദ്യാഭ്യാസത്തിൽ , തൊഴിലിൽ, ജീവിതസൗകര്യങ്ങളുടെ ലഭ്യതയിൽ ) അനുഭവിച്ചിരുന്ന വൈവിധ്യവും ബുദ്ധിമുട്ടും പ്രാരാബ്ധവും ഇന്നെവിടെയും കാണാനില്ലെന്നു പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ? പഴയ ചെറിയ ലോകത്തിൽ നിന്നും നാം ഒരുപാട് വളർന്നിരിക്കുന്നു . ഇന്ന് വിസ്മയകരമായ ഒരു ലോകം നമ്മുടെ മുമ്പിൽ വർണ്ണപ്രപഞ്ചങ്ങളുടെ ഒടുങ്ങാത്ത വാതായനങ്ങൾ തുറന്നുകൊണ്ടേയിരിക്കുന്നു .ഇന്ന് ബാല്യവും കൗമാരവും യുവത്വവും എല്ലാം ഈ വർണ്ണ പ്രപഞ്ചത്തിൽ മുങ്ങി, അല്ലെങ്കിൽ മുക്കി അയഥാർത്ഥ മായ ലോകത്തിന്റെ ലോലമായ പുറംതോടിലൂടെ സീക്ര പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു .അവർക്ക് ഇടം വലം തിരിഞ്ഞു നോക്കാനാവുന്നില്ല ! വിദ്യാലയങ്ങൾ അവർക്ക് ഭാവിയിൽ എത്തിപ്പിടിക്കേണ്ട സൗഭാഗ്യങ്ങളുടെ മൂസയാകുന്നു !! അവിടെ മറ്റൊരു ചിന്തക്കും പഴുതില്ല ,.അനുവാദമില്ല! . പഠിത്തം , പഠിത്തം ഇത് മാത്രം !! അവിടെ കലാകായിക ലോകമില്ല , സാഹിത്യ ചർച്ചകളില്ല ,
രാഷ്ട്രീയ പ്രവർത്തനമില്ല , സഹപാഠികളുമായി പരിധി വിട്ടുള്ള ഇടപെടലുകളില്ല . ഇണങ്ങലും പിണങ്ങലുമില്ല, ദുഖവും സന്തോഷവും പങ്കുവൈക്കലില്ല കളിയും ചിരിയും തമ്മിൽ തല്ലുമൊന്നുമില്ല .അവിടെ മത്സരമാണ് സകലതിനെയും ചവിട്ടി മെതിച്ചു മുന്നേറാനുള്ള മത്സരം !!ഈ മത്സരത്തിൽ കുതിച്ചു പായാനുള്ള തന്ത്രങ്ങളോതുന്ന ശിക്ഷകർ മാത്രമായി രക്ഷിതാക്കളും അദ്ധ്യാപകരും ചുരുങ്ങുന്നു. സിലബസ്സിന്നു പുറത്തു കടന്നുള്ള യാതൊരു സംസാരവും ക്ലാസ് മുറിക്കുള്ളിലില്ല , സ്കൂൾ പരിസരത്തെങ്ങുമില്ല ! വീട്ടിലും സ്ഥിതി ഇത് തന്നെ , നമ്മുടെ പരിസ്ഥിതിയും ,സമൂഹവും ,സംസ്ക്കാരവും കലയും ജീവിതവും പട്ടിണിയും ദാരിദ്ര്യവുമതിന്റെ തീവ്രതയുമവർക്കുതുലോമന്യം .അവരുടെ കണ്ണിൽ നിറഞ്ഞു തുളുംബുന്നത് ഇവർ ചൊല്ലിപ്പഠിപ്പിച്ച തികച്ചും സമൃദ്ധിയുടെ ഒരു പ്രത്യേക ലോകം! അവർക്കും അതെത്തിപ്പിടിക്കണം ! നീന്തിത്തുടിക്കണം .അതിനവരെ സജ്ജമാക്കനെത്രയോ സ്കൂളുകൾ ! സ്ഥാപനങ്ങൾ!!
ഈ നെട്ടോട്ടത്തിൽ നിലനിൽപ്പിനായി സർക്കാർ വിദ്യാലയങ്ങളും മത്സരിക്കുകയാണ് !!! അവിടേക്കും വിഭ്രജനകമായ ഈ അന്തരീക്ഷം പറിച്ചു നടപ്പെടുന്നു. ഒരു പച്ചയായ അനുകരണം! .ഇന്ന് അധ്യാപകരുടെ മുന്നിൽ ഇരിക്കുന്നത് വിജ്ഞാന ദാഹികളായ വിദ്യാർത്ഥികളല്ല. കബോളത്തിൽ വിൽക്കപ്പെടാൻ പാകപ്പെടുത്തുന്ന ചരക്കുകൾ മാത്രം!! ഫലത്തിൽ ഇന്ന് കമ്പോളത്തിൽ ഏറ്റവും മുന്തിയ വിലക്ക് വിൽക്കാൻ കഴിയുന്ന ഉൾപ്പന്നങ്ങളായി നമ്മൾ മക്കളെ വളർത്തി വലുതാക്കുകയാണ് .നമ്മുടെ സ്നേഹവും ലാളനയുമെല്ലാം അതിനനുസൃതമായ പരിണാമം കൈവരി ച്ചിരിക്കുന്നു !! . വാങ്ങുന്നവർ ആരായിരുന്നാൽ കൊള്ളാമെന്ന ഒരു ധാരണ ഇതിലൂടെ പകരുവാനും നാം പരിശ്രമിക്കുന്നു. അത് സ്വദേശിയരാകാം , വിദേശിയരാകാം . അന്തസ്സോടുകൂടി നാലുപേരുടെ മുന്നിൽ പറയുവാൻ കഴിയുന്നതായിരിക്കണം. സദസ്സുകളിൽ മൈക്രോസോഫ്ട് , ആമസോണ്‍ , ഇൻഫോസിസ് , ടാറ്റാ ,റിലയൻസ് എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുമ്പോൾ അത് നൈമിഷികമാണെന്നറിയുന്നില്ല. പതുക്കെ ഒറ്റപ്പെടലിന്റെ തുരുത്തിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ഉറ്റവരുടെ ഉടയവരുടെ സാ മീപ്യം എത്ര വലുതാണെന്നു നാം അറിയുന്നു. പക്ഷേ കമ്പോളം ഇന്ന് ഓരോരുത്തരെയും , പ്രത്യേകിച്ചു ഓരോരോ മേഘലയിൽ വൈദഗ്ത്യമുള്ളവരെ ബോധ്യപ്പെടുത്തുന്നത് പണം അളവില്ലാത്ത പണം അതിന്റെ മുന്നിൽ ബന്ധങ്ങൾ കടപ്പാടുകൾ എല്ലാം പുറം കാലുകൊണ്ട് തട്ടിയെറിയേണ്ടുന്നകേവലം ജൈവ ബാധ്യതകൾ മാത്രം ! അങ്ങനെ തട്ടിയെറിയപ്പെടുമ്പോൾ പൈതൃക ഭാരം ഉള്ളിൽ ചെലുത്തുന്ന വിങ്ങലുകൾ കൊണ്ടിറക്കിവയ്ക്കുന്നതിനു ഈ കമ്പോളം നമുക്കു മുന്നിൽ പടുത്തുയർത്തുന്നു പഞ്ചനക്ഷത്ര സായന്തന പരിചരണ സദനങ്ങൾ , മാസങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ശീതീകരണികൾ !! കമ്പോള മനസാക്ഷിക്കു മുന്നിൽ മൂല്യമില്ലാത്തതെന്തും മാലിന്യങ്ങളാണ് . എന്നാലും നടന്നു വന്ന വഴികളെ, പാരമ്പര്യത്തെ അത്ര പെട്ടെന്ന് തിരസ്ക്കരിക്കാൻ കഴിയില്ലെന്നവർക്കറിയാം. ആയതിനാൽ ഇതിന്റെ സംരക്ഷണവും സംസ്കരണവും എന്ന ഉത്തരവാദിത്ത്വവും കമ്പോളം ഏറ്റെടുക്കുന്നു. ആഘോഷമായി നിറവേറ്റുന്നു ! എത്ര ഗംഭീരമായ വിൽപ്പനകളാണ് അവിടെ നടക്കുന്നത് !!
മഷ്തിഷ്ക്കവും ,മനസ്സും വ്യാപരിക്കേണ്ടുന്ന മേഘലകൾ കമ്പോളം എപ്പോഴും സജീവമായി നിർത്തുന്നതിനാൽ കുടുംബം സമൂഹം എന്നിവകളോടുള്ള ബാദ്ധ്യത , കടപ്പാട് എന്നീ സമസ്യകൾക്കു മുന്നിൽ ചെലവഴിക്കാൻ എവിടെ സമയം? . പിന്നെ വിനോദത്തിനുള്ള ഉപാധികൾ അവർ തന്നെ ഒരുക്കി നൽകുകയും ചെയ്യുന്നുണ്ടല്ലോ!!! . ഈ മക്കളാരും തന്നെ ഇങ്ങനെയാകാൻ ജനിച്ചവരായിരുന്നില്ലല്ലോ .ലോക കമ്പോളത്തിന്റെ ചരക്കുവൽക്കരണത്തിൽ അങ്ങനെ ആക്കി ത്തീർക്കു കയായിരുന്നില്ലേ ? .അളവില്ലാത്ത പണം മോഹിച്ചു സർവ്വരും ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ ? അവനിലെ പരിസര നിരീക്ഷണവും വേറിട്ട വായനയും ഇതിനുവേണ്ടി നിരുൽസാഹപ്പെടുത്തു കയായിരുന്നില്ലേ? . ഇതിനു പ്രേരിപ്പിച്ച കമ്പോളത്തിന്റെ അദൃശ്യമായ വരിഞ്ഞു കെട്ടൽ നാമറി ഞ്ഞതുമില്ല!! അത് സർവ്വതല സ്പർശിയായ ഒരു വ്യവസ്ഥയായി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അഴ്ന്നിറങ്ങിയിരിക്കുന്നു.അതിന്റെ നിലനിൽപ്പും പ്രയാണവും അരക്കിട്ടുറപ്പിക്കുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുവാൻ അതിന്റെ പ്രയോക്താക്കൾ പ്രതിജ്ഞാബദ്ധരാണ് . സാഹിത്യവും ,സംസ്കാരവും ,കലാകായികവും രാഷ്ട്രീയവുമെല്ലാം അന്നന്നത്തെ ആവശ്യകതബോദ്ധ്യപ്പെട്ടു അവർ (കമ്പോളം) നിർമ്മിച്ചു നമുക്കു നല്കിക്കൊണ്ടിരിക്കും !! ഒരു മനുഷ്യന് എത്ര പണം വേണം ? ഒരുമനുഷ്യന് എത്ര മണ്ണു വേണം എന്ന ടോൽസ്റ്റൊയ്കഥ ഇവിടെയും പ്രസക്തം !! വിദ്യാഭ്യാസവും പണവും സ്വാധീനങ്ങളുമല്ല മനുഷ്യനെ മനുഷ്യനാക്കി ഉയർത്തുന്നത് .അവന്റെ സമൂഹത്തിലുള്ള ആരോഗ്യകരമായ ഇടപെടലാണ് . ഇതിനു പരിസ്ഥിതി നിരീക്ഷണം , സാമൂഹ്യ പഠനം , വിപുലമായ വായന ഇതെല്ലാം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ കഥാകൃത്ത് വൈശാഖന്റെ അഭിപ്രായം ഞാൻ ഓർത്തു പോകുകയാണ് വീരപ്പൻ വൈലോപ്പിള്ളിയുടെ സഹ്യൻറെമകൻ വായിച്ചിരുന്നെങ്കിൽ അത് ഉള്ളിൽ തട്ടി ആസ്വദിച്ചിരുന്നെങ്കിൽ മറ്റൊരു മനുഷ്യനാകുമായിരുന്നു എന്ന് !! അദ്ദേഹം തുടർന്ന് പറയുന്നു വീരപ്പന്മാരായി കുട്ടികൾ പരിണമിക്കാതിരിക്കാൻ അവർക്ക് വേണ്ടത്ഇന്നത്തെ വ്യവസായങ്ങളായ സിനിമ ,ടെലിവിഷൻ , ക്രിക്കെറ്റ് എന്നിവയോ മെഡിക്കൽ ,എഞ്ചിനീയറിംഗ് , ഐ .ടി .തുടങ്ങിയ പഠനങ്ങളോ അല്ല മനുഷ്യരായി വളരാൻ അവരെക്കോണ്ടോക്കെ സഹ്യന്റെ മകൻ ഒ.എൻ.വി യുടെ ഭൂമിക്ക് ഒരു ചരമ ഗീതം , വിക്തർ ഹ്യുഗോയുടെ പാവങ്ങൾ ,ടാഗോറിന്റെ പ്രാർഥന എന്നു തുടങ്ങിയ കൃതികൾ വായിപ്പിക്കുവാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്യേണ്ടത് എന്ന് . ആരോഗ്യ സാങ്കേതിക പഠനങ്ങൾ നല്ലതുതന്നെ . അതിനുള്ള പുസ്തകങ്ങൽക്കൊപ്പം മേൽപ്പറഞ്ഞ പുസ്തകശ്രേണികൾ കൂടി ഉൾപ്പെടുത്തുന്നതു നന്നായിരികുമെന്നതു തർക്കമറ്റ കാര്യമാണ് .
വിശാലമായ വായനപോലെ സംസ്ക്കാരമാർജജിക്കാൻ മറ്റ് യാതൊന്നും തന്നെയില്ല . കഴിവും പ്രതിഭയും അന്വേഷണ തൃഷ്ണയുമുള്ളവർ ഇന്നത്തെ വിദ്യാഭ്യാസ രീതികൊണ്ട്, സാമൂഹിക ചുറ്റുപാടുകൾ കൊണ്ട് കിളുന്നിലേ കൂമ്പടയുമ്പോൾ മണ്ണിന്റെ മണമുള്ള കലാകായിക പ്രതിഭകൾ ,രാഷ്ട്രീയനേതാക്കൾ ,സാഹിത്യകാരന്മാർ, അധ്യാപകർ എന്നിവരെ കൊല്ലത്തു മാത്രമല്ല കമ്പോള വ്യവസ്ഥിതി നിലനിൽക്കുന്ന എവിടെയും കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. കമ്പോള വളർച്ചക്ക് മനുഷ്യനും മറ്റെല്ലാം പോലെ തന്നെ ഒരു അസംസ്കൃത വസ്തു മാത്രമാണല്ലോ! ഇത് ഇങ്ങനെ പോയാൽ മതിയോ ?സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ്പിനു ഇതു ഭൂഷണമല്ലതന്നെ. ഗ്രാമങ്ങളിലെ കാർഷിക സംസ്ക്കാരവും നാഗരികതയും ഇന്ന് പെട്ടെന്നു പ്രചോദനം ഉൾക്കൊണ്ട് എങ്ങോട്ടോ കുതിക്കുകയാണ് .അവരുടെ മുന്നിൽ വിരിയുന്നതൊക്കെയു മത്ഭുതങ്ങൾ !!പ്രഭാപൂരിതങ്ങളായ ഈ കാഴ്ച്ചകളിൽ മതി മറന്നു നിൽക്കുകയാണവർ .ഈയാം പാറ്റകളുടെ കൂട്ടം. ഏതു നിമിഷവും വീണടിഞ്ഞു ചാരമാകാം!!
ഇതിൽ നിന്നും മോചനം വേണം . അതിനു വേണ്ടി വായന വളരണം. സാമൂഹിക ബോധം വളരണം . പകയും വിദ്വേഷവും വിട്ട് മനസ്സിൽ സ്നേഹത്തിന്റെ നനവുതിരണം .ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കുന്നതിനു നാടും നഗരവുമുണർത്തി നടത്തുന്ന ആയിരക്കണക്കിന് വിപുലവും വിസ്തൃതമായ നവ വായനാ സന്ദേശ പഥയാത്രകൾക്ക് കഴിയുമെന്നു ഞാൻ കരുതുന്നു. അങ്ങനെയെങ്കിൽ ഇവിടെ മദ്യശാലക്കുമുന്നിലെ ക്യൂ കുറയും ,പോലീസും വിജിലന്സും സി.ബി .ഐ യും അന്വേഷിക്കുന്ന തരത്തിലുള്ള പ്രമാദമായ കേസ്സുകളുടെ എണ്ണം കുറയും . അനാഥാലയങ്ങളും വൃദ്ധ സദനങ്ങളും കുറയും , വിദ്യാഭ്യാസ കച്ചവടം കുറയും ,പ്രകൃതിയെ കടുംവേട്ടുവെട്ടി നശിപ്പിക്കുന്ന പ്രവണത കുറയും , കുടുംബങ്ങളിൽ ശാന്തിയും സമാധാനവും കളിയാടും എല്ലാ മേഘലകളിലും അനുഭവപ്പെടുന്ന പ്രതിഭാ ദാരിദ്ര്യം ഇല്ലാതാവും .അതിനു മുമ്പിൽ നിന്നു നേതൃത്വം കൊടുക്കാൻ ഇവിടെ ഉയർന്നു നിൽക്കുന്ന നൂറു കണക്കിനു വരുന്ന സാംസ്ക്കാരിക സ്ഥാപനങ്ങൾ തയ്യാറാകണമെന്നുമാത്രം !!
(എൻ.രാജശേഖരൻ ഉണ്ണിത്താൻ )
No comments:
Post a Comment