Friday, 29 March 2013



                ഇന്ത്യയിൽ നടക്കുന്നത് 

ലോകമുതലാളിത്തം ഇന്ന് പ്രതിസന്ധി യിലാണ് . ആ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളുടെ
ചെലവിൽ മറികടക്കാനാണ് അവർ ശ്രമിക്കുന്നത് . അതിനു ലോകബാങ്കും I.M.F- o അവരുടെ
ഏജെന്റ് മാരായി പ്രവർത്തിക്കുന്നു . മൂന്നാം ലോക രാജ്യങ്ങൾക്ക് വായ്പ അനുവദിക്കുന്നതിൽ
അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥകളിലൂടെ മുതലാളിത്ത  താൽപ്പര്യം ഇവർ ഉറപ്പാക്കുന്നു .
തല  വയ്ക്കുന്ന രാഷ്ട്രങ്ങൾ ഇവരുടെ ചൂഷണങ്ങളിൽ അമർന്നു തകരുന്നു.  സ്വതന്ത്ര വ്യാപാരം
മൂലധനത്തിന്റെ എവിടെയും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം  . സബ്സിഡി ഒഴിവാക്കൽ
സേവന മേഘല തുറന്നുകൊടുക്കൽ. വിദ്യാഭ്യാസ സാംസ്കാരിക മേഘലകളിൽ സ്വൈര വിഹാരം
നടത്താനുള്ള അവകാശം ഇതെല്ലാം പുതിയ വായ്പ്പയ്ക്കുള്ള വ്യവസ്ഥകളായ്‌ അടിച്ചേൽപ്പിക്കപ്പെടുന്നു .
പലവിധ സമ്മർദ്ദങ്ങളാൽ മൂന്നാം ലോക രാജ്യങ്ങൾ ഇത് അംഗീകരിക്കപ്പെടുവാൻ നിർബന്ധിതരാകുന്നു .
ഇതാണ് ഇന്ത്യയിലും നടക്കുന്നത് . പാവപ്പെട്ടവർ അതിന്റെ തിക്ത ഫലമനുഭവിക്കുന്നു.
ഇത് മനസ്സിലാക്കി ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ  തൊഴിലാളി കൾക്കും , പാവപ്പെട്ടവർക്കും
ഇവിടെ ജീവിക്കാൻ പറ്റാത്ത സ്ഥിതി വളരെ പെട്ടെന്നുണ്ടാകും . അതിന്റെ ദൃശ്യങ്ങൾ
ഇന്ത്യയിലുടനീളം ഇപ്പോഴേ കാണാവുന്നതാണ് .
                                                  കപടത
                       ഒരു മഹത് വ്യക്തി യെ അപമാനിക്കുവാനുള്ള എളുപ്പമാർഗം അദ്ദേഹത്തിന്റെ  പ്രതിമയുണ്ടാക്കി മാല ചാർത്തി ആരാധിക്കുക എന്നതാണ്.
അദ്ദേഹത്തന്റെ വചനങ്ങൾ ആരും അനുസരിക്കുന്നില്ല ,പ്രചരിപ്പിക്കുന്നില്ല. അദ്ദേഹം സർവർക്കുമായി  സ്ഥാപിച്ച സ്ഥാപനങ്ങൾ
തങ്ങളുടെ  കൈകാര്യ കര്തൃത്വത്തിൽ ഒതുക്കുന്നതിന് ആശയങ്ങളേക്കാൾ വ്യക്ത്തി പൂജക്കാണ് കരുത്ത് എന്ന്
ഇവർക്ക് നന്നായ് അറിയാം. ചുറ്റും നോക്കൂ പ്രതിമകൾ.. ! , പ്രതിമകൾ ... !!! വ്യക്തിയുടെ വ്യക്തിത്വം ജ്വലിപ്പിക്കുന്ന ആശയം
മറച്ചുവച്ചു പടം പൂജിപ്പിക്കുവാൻ വ്യഗ്രത കാണിക്കുന്ന ഇവർ മുന്നിൽ കാണുന്നത് വ്യവസായം മാത്രമാണ് എന്ന് ഈ മാർജ്ജാര
സ്വഭാവികൾ ഒഴിച്ചു സകലരും അറിയുന്നു . ഇവരുടെ ആധിക്ക്യം വർദ്ധിച്ചു വരുന്നത് കാരണം ഈ മഹത് വ്യക്തികൾ
പൊതു വ്യക്തിത്വത്തിൽ നിന്നും മാറി ഒരു ചെറു ന്യുനപക്ഷത്തിന്റേതായ് വിഭാഗികവൽക്കരിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ
സൃഷ്ടിക്കുന്ന വിള്ളൽ ചെറുതല്ല . എല്ലാറ്റിന്റെയും കാതൽ സമൂഹ നന്മയാണ് എന്ന തിരിച്ചറി വിലേക്ക് എല്ലാവരെയും
എത്തിക്കുന്നതിനും ജാതി മത വർഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ മഹാന്മാരെയും അവരുടെ ആശയങ്ങളെയും മാനിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും യത്നിക്കുകയും ചെയ്യുന്നവരാണ് സമൂഹ പുരോഗതിക്കു ആവശ്യം. അല്ലാതെ ഇതിൽ വ്യവസായം കണ്ടു നൂറുമേനി
കൊയ്യാൻ ഇറങ്ങിയിട്ടുള്ളവർ ഇവരുടെ ശിഷ്യന്മാരോ ദാസന്മാരോ അല്ല . ഇവർ  ചെയ്യുന്ന  ദ്രോഹം തിരിച്ചറിഞ്ഞു
യാഥാർത്ഥ്യം   തുറന്നു  കാട്ടുവാൻ പോതുപ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്

Tuesday, 12 February 2013

                                      പ്രകാശം 

                     കേരളം പലതുകൊണ്ടും പ്രത്യേകതകളുള്ള പ്രദേശമാണ് . മതസൗഹാര്‍ദ്ദത്തിലാണെങ്കില്‍ നാം അഭിമാനാര്‍ഹമാം വിധം മുന്‍പന്തിയിലായിരുന്നു.ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ അവരുടെ സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവച്ചു ഐക്ക്യത്തോടെ ഇടപഴകി കഴിഞ്ഞിരുന്നു. ഓണവും പെരുന്നാളും ഈസ്റ്ററും  എല്ലാവരും കൂടിച്ചേര്‍ന്ന് ആഘോഷിച്ചിരുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായിരുന്നു. ഇന്ന് എന്തോ? എവിടെയൊക്കെയോ ചില ചോദ്യചിഹ്നങ്ങള്‍ ഉയരുന്നു
ഓരോരുത്തര്‍ക്കും അവരവരുടെ സ്വത്വത്തില്‍ ഒതുങ്ങാനുള്ള പ്രവണത വളര്‍ന്നു വരുന്നതായി കാണുന്നു. മത ജാതീയ സംഘടനകള്‍ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായും തോന്നുന്നു  . ഇത് ഭാവി കേരളത്തിനു ഗുണകരമല്ല തന്നെ.
ഒരു മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഇതര മതങ്ങളോട് സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താന്‍ നമുക്കു കഴിയണം . എല്ലാ മതത്തിന്റെയും സത്ത മാനവ നന്മയാണെന്ന തിരിച്ചറിവും നമുക്കുവേണം . ആപത്തില്‍ പെട്ടവനെ, നിരാലംബനെ  ജാതിയും മതവും നോക്കാതെ സഹായിക്കുമ്പോള്‍ അവന്‍ ദൈവസാന്നിധ്യം  അനുഭവിക്കുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന നന്ദിയുടെയും കടപ്പാടിന്റെയും ബഹിര്‍സ്പുരണങ്ങള്‍ ചിലപ്പോള്‍ അദൃശ്യമാണെങ്കില്‍ പോലും  അത്  ഔന്നത്യ പ്രദായകമാണ് . അത് ദൈവ തുല്യമായ മഹത്വത്തിലേക്കു നിങ്ങളെ ഉയര്‍ത്തും.  തീര്‍ച്ച . അത് മാത്രമല്ല  നാം മത വിശ്വാസി ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസിക്കാനും  വിശ്വസിക്കാതിരിക്കാനുമുല്ല അവകാശത്തെ അംഗീകരിക്കുന്നതിനും അവനോടോത്തുചെര്‍ന്നു രാഷ്ട്ര പുരോഗദിക്കുവേണ്ടി യത്നിക്കുന്നതിനും നമുക്കു കഴിയണം . എങ്കില്‍ മാത്രമേ മതേതരത്തിലധിഷ്ടിതമായ കേരളം കെട്ടിപ്പടുക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. ഒരു പൗരന്‍ എന്ന നിലയില്‍ ചുറ്റും  പ്രകാശം പരത്തി ജീവിക്കാന്‍ കഴിയുകയുള്ളൂ. മഹിത കേരളഭൂവിനെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റുവാന്‍  കഴിയുകയുള്ളൂ . അതിനുവേണ്ടി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.
                  റോഡുസുരക്ഷ  
                    നമുക്ക് ഇഷ്ടം പോലെ റോഡുകളുണ്ട്. അതില്‍ നല്ലതും മോശമായതുമുണ്ട് . യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നതാണ് റോഡുകള്‍ തകര്‍ന്നു നാശമാകാന്‍ കാരണം . ഈ റോഡുകള്‍  ഉപയോഗിക്കുന്നവര്‍ മറന്നുപോകുന്ന ഒരു
കാര്യമുണ്ട് ഇവയെല്ലാം  തന്നെ പൊതുപണം മുടക്കി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അതിലുള്ള അവകാശം ഏല്ലാവര്‍ക്കും തുല്യമാണെന്നും .ഇന്ന് വാഹനം ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ട് . വാഹനങ്ങളുടെ വര്‍ദ്ധനവിന് ആനുപാതികമായി റോഡുസൗകര്യമിനിയുമുണ്ടായിട്ടില്ല .
അപ്പോള്‍ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ റോഡുനിയമങ്ങള്‍ പാലിക്കുന്നതില്‍ ബാദ്ധശ്രദ്ധരായിരിക്കണം . അല്‍പ്പം അശ്രദ്ധ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടേയും വിലപ്പെട്ട ജീവനു ഭീഷണിയായി തീര്‍ന്നേക്കാം . പരിഹാരമില്ലാത്ത അബദ്ധത്തിലേക്കു നമുക്കു  

വാഹനമോടിക്കണമോ ?ഇന്ന് റോഡില്‍ ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ - അതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട് , മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ , അമിതവേഗത്തിന്റെ
ത്രില്ലില്‍ രമിക്കുന്നവര്‍ , വാഹനം സാരിയായി അറ്റകുറ്റപ്പണി നടത്താതെ കൊണ്ടുനടക്കുന്നവര്‍ , റോഡുനിയമങ്ങള്‍ പാലിക്കാന്‍ വിമുഖതയുള്ളവര്‍ - ഇവര്‍ എല്ലാം ഈ  പരിമിതമായ റോഡിലൂടെയാണ്‌ വാഹനമോടിക്കുന്നത് . അപ്പോള്‍ എന്തെന്തു നടന്നുകൂട ? എത്രയോ വിലപ്പെട്ട  ജീവനുകള്‍ ,കുട്ടികളും മുതിര്‍ന്നവരുമായി തരുവില്‍ പൊലിയുന്നു .വിധിയെ പഴിച്ചിട്ടു വല്ലകാര്യവുമുണ്ടോ  ? റോഡ്‌ അപകടങ്ങള്‍ വരുത്തുന്നവര്‍ കുറ്റം അവരുടെ ഭാഗത്ത് ആണെങ്കിലും ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെയാണ് .നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ അവസരമുണ്ടെങ്കില്‍ പിന്നെന്തിനു ശ്രദ്ധിക്കണം ? ഒരു ജീവന്‍ നഷ്ടപെടുമ്പോള്‍ ദുഖിക്കുന്നവര്‍ എത്ര ? അവലംബമറ്റവര്‍  എത്ര ?ഒറ്റപ്പെടുന്നവര്‍ എത്ര ? നിരാശയുടേയും നാശത്തിന്റെയും പടുകുഴിയില്‍ വീഴുന്നവര്‍ എത്ര ? സര്‍വോപരി നാട്ടിനുണ്ടാകുന്ന നഷ്ടമെത്ര ? ഇതൊക്കെ ചിന്തിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ നിസംഗത പാലിക്കുന്നത് എന്തിന് ?  വാഹന യാത്രക്കാരേയും കാല്‍നട യാത്രക്കാരേയും സംരക്ഷിക്കുന്നതിനു ശക്തമായ നിയമങ്ങളും നടപടികളും ആവശ്യമാണ്‌ .
അതിനു സര്‍ക്കാര്‍ നടപടിയെടുക്കണം . ജനങ്ങള്‍ അത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം . വാഹനാപകടങ്ങള്‍ക്കു  ശരിയും തെറ്റും നോക്കി പരമാവധി ശിക്ഷ ഉറപ്പാക്കണം .
അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് തുകയുടെ പിറകെ പോകാതെ കേസ്സ് നടത്തുന്നതിനും തയ്യാറാകേണ്ടതുണ്ട് . എങ്കില്‍ മാത്രമേ റോഡപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ നമുക്ക് കഴിയുകയുള്ളൂ .
          പ്രണാമം 

ആദിതാളങ്ങള്‍ തന്‍ മഴ നെഞ്ചില്‍ ,നാവില്‍ കൊണ്ടു നടന്നു
കൊടുംവേനല്‍ വായ്ക്കു മിടങ്ങളില്‍ പെയ്തു നടന്നവന്‍ കവി
ചേക്കേറാന്‍ മരങ്ങള്‍ കാണാതെ കൂട്ടുകൂടി കൂടെകൂട്ടാനിരുളിലെ 
തിരിനാളം പോലകവെളിച്ചം പരതി നടന്നവന്‍ കവി

ദിശാബോധം വാക്കില്‍ തുടി കൊട്ടി പറക്കുമ്പോള്‍ കാര്‍മേഘ-
ശകലങ്ങളൊത്തുകൂടി ചൊരിയുന്നു വര്‍ഷാംബു മാലകള്‍
ഓര്‍ക്കുകില്‍ കവിക്കുണ്ടോ കാലദേശ ഭേദം , വര്‍ഗവര്‍ണ്ണ ഭേദം
അവന്‍ ഒഴുകും ജനസഞ്ചയത്തിലൊരു മിന്നാമിന്നിയല്ലോ

മുന്നില്‍ നിറചിരിയുമായറിവിനു ദാഹിച്ചിരിക്കുന്നു യുവത്വം
അനര്‍ഗളമൊഴുകും മുരളികയില്‍ നിറയുന്നു ദ്രാവിഡ താളം
വിനയം  കരളുരുകിയൊഴുകു മീണത്തിന്‍  ചന്ദ്രശോഭയില്‍
സകലതും മറക്കുന്നവന്‍ കവി വിനയചന്ദ്രന്‍  - പ്രണാമം !


Monday, 28 January 2013

1972 ലാണെന്നു തോന്നുന്നു മഹാനായ വയലാര്‍ അച്ഛനും ബാപ്പയും എന്ന സിനിമയ്ക്കു വേണ്ടി എഴുതി  

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യരും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു മനസ്സു പങ്കുവച്ചു  

ഹിന്ദുവായ് മുസല്‍മാനായ് ക്രിസ്ത്യാനിയായ്
നമ്മളെ  കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍
ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു 

         ഏറ്റവും നല്ല ഗാനരചനക്കുള്ള അക്കൊല്ലത്തെ ദേശീയ അവാര്‍ഡു നല്‍കി വയലാറിനെ  ആദരിച്ചു
ആരും ഒരു എതിരഭിപ്രായവും ഉയര്‍ത്തിയില്ല .സമൂഹത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ വലിയൊരു യാഥാര്‍ദ്ധ്യം ഉയര്‍ത്തിക്കാട്ടിയത് മതേതര ഭാരതം ഉള്‍ക്കൊണ്ടു . ഇന്നെന്താണ്  സ്ഥിതി ?
ക്രിയാത്മകമായ വിമര്‍ശനങ്ങളാണ്   എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംസ്കരിച്ചു
ഊതി ക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുന്നത് . ഭയപ്പെടുത്തി ഉല്‍പ്പതിഷ്ണുക്കളുടെ വായടപ്പിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് സര്‍വ്വരും മനസ്സിലാക്കണം. മതേതര ഭാരതം എന്നും മതേതരമായിരിക്കുന്നതിനും പരസ്പര സാഹോദര്യത്തില്‍  കഴിയുന്നതിനും മതപരമായ സഹിഷ്ണുത അത്യന്താപേക്ഷിതമാണ് . അതു പുലരുവാന്‍ വേണ്ടപ്പെട്ടവര്‍ ജാഗ്രവത്തായ സമീപനം സ്വീകരിക്കേണ്ടതാകുന്നു.



Friday, 25 January 2013

                         മദ്യപിച്ചു ലക്കുകെടുന്ന കേരളം 

      മദ്യത്തിന്റെ ഉപഭോഗം ഇന്ന് കേരളത്തില്‍ വല്ലാതെ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു . എവിടെ തിരിഞ്ഞു നോക്കിയാലും  കാണുന്നത് മദ്യ ഷോപ്പുകളാണ് . അവിടൊക്കെ നീണ്ട ക്യുവും . ക്യുവില്‍ കുട്ടികളും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം ഉണ്ട് . വില്‍ക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക സമയമൊന്നുമില്ല .പ്രഭാതം മുതല്‍ പ്രദോഷം വരെയും അവിടെ തിരക്കാണ് . ഇതു കൂടാതെ കള്ളു ഷാപ്പുകളെത്ര? ബാറുകളെത്ര ? അനധികൃത വില്‍പ്പന ശാലകളെത്ര ? ഈ കൊച്ചു കേരളത്തില്‍ ഇത്രയധികം മദ്യപന്മാരോ? ഓണം ,ക്രിസ്തുമസ് , മറ്റിതര ആഘോഷങ്ങള്‍ എന്നീ വേളകളില്‍ കേരളം മദ്യത്തില്‍ മുങ്ങി താഴുന്നതായിട്ടാണ്  കണക്കുകള്‍ കാണിക്കുന്നത്.ഇത് കണ്ടു ലജ്ജിതരായ   ഭരണകര്‍ത്താക്കള്‍ വില്‍പ്പനയുടെ കണക്കു പുറത്തു വിടെണ്ടന്നു  തീരുമാനിച്ചിരിക്കുന്നു. ഇവരാണ് യഥാര്‍ദ്ധ ഭരണാധികാരികള്‍! സത്യം മൂടി വച്ചു വിപത്തിനെ വെള്ളമൊഴിച്ചു വളര്‍ത്തുന്നവര്‍! ഈ വിപത്തു  വളര്‍ന്നു കേരളത്തെ ചുട്ടു കരിക്കുമ്പോള്‍ തൊഴിലിന്റെ കാര്യം പറഞ്ഞു, കിട്ടുന്ന നികുതിയുടെ കാര്യം പറഞ്ഞു തടി തപ്പാം. ഭരണം എന്നാല്‍ ജനക്ഷേമ താല്‍പ്പര മെന്നാരു പറഞ്ഞു? അതു തന്ത്രങ്ങള്‍ പയറ്റി എതിരാളിയുടെ വായ്‌ അടപ്പിക്കുന്ന ചെപ്പടി വിദ്യ മാത്രം. ഭരണം മാറിയും തിരിഞ്ഞും വരുമ്പോള്‍ പരസ്പ്പരം പഴി പറയുക എത്ര എളുപ്പം .നികുതിപണം ചെലവഴിക്കുക എന്നത് ഇതിനിടയിലെപ്പോഴോ നടക്കുന്ന ഒരു കാര്യം മാത്രം .  ജനതയെ ആകെ നശിപ്പിക്കുന്നതായാലും  മദ്യത്തില്‍ നിന്ന് ഇഷ്ടം പോലെ പണം കിട്ടുമെങ്കില്‍ അവര്‍ക്ക് അതും കാമ്യം . മദ്യം എന്തെല്ലാം വിപത്തുകളാണ് ഉണ്ടാക്കുന്നത് ? കുടുംമ്പ കലഹങ്ങള്‍ , അവരുടെ സാമ്പത്തിക പരാധീനത , വളരുന്ന രോഗാവസ്ഥ ,വാഹനാപകടങ്ങള്‍ ,  യുവ തലമുറയുടെ  വഴിതെറ്റല്‍ ,ചുറ്റും കാണുന്ന സാമൂഹിക തിന്മകള്‍  ഇതെല്ലാം മദ്യത്തിന്റെ സംഭാവന എന്നറിയുന്നവര്‍ ,ഭരണാധികാരികള്‍ ഇതിന്റെ വില്‍പ്പനക്കരാകുവാന്‍ പാടുണ്ടോ? എത്ര നികുതിപ്പണം കിട്ടുമെന്നാകിലും ! കിട്ടുന്നതിനേക്കാള്‍ എത്രയോ വലുതാണ്‌ അതിനു നാം ഒടുക്കേണ്ടി വരുന്ന വില . അതൊന്നു വിലയിരുത്തുവാന്‍ ഈ ഭരണാധികാരികള്‍ക്കു ബാധ്യത ഇല്ലേ? എന്തായാലും മദ്യത്തിന്റെ ഉപഭോഗം ഈ കൊച്ചു കേരളത്തില്‍ കുറച്ചു കൊണ്ടുവരേണ്ടത് അത്ത്യന്താപേക്ഷിതമാണ് . അതിനു ബോധവല്‍ക്കരണ മെങ്കില്‍ ബോധവല്‍ക്കരണം , ലഭ്യത നിഷേധിക്കല്‍ എങ്കില്‍ അത് , കേരളത്തിന്റെ നിലനില്‍പ്പിനു അത് ആവശ്യമാണ്   എന്ന് എല്ലാവരും മനസ്സിലാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നയത്തില്‍ മാറ്റം വരുത്തി നാടിനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല .ഈ അവസ്ഥയിലെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന്  ഓര്‍മ്മിപ്പിക്കട്ടെ .