Monday, 28 January 2013

1972 ലാണെന്നു തോന്നുന്നു മഹാനായ വയലാര്‍ അച്ഛനും ബാപ്പയും എന്ന സിനിമയ്ക്കു വേണ്ടി എഴുതി  

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യരും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു മനസ്സു പങ്കുവച്ചു  

ഹിന്ദുവായ് മുസല്‍മാനായ് ക്രിസ്ത്യാനിയായ്
നമ്മളെ  കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍
ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു 

         ഏറ്റവും നല്ല ഗാനരചനക്കുള്ള അക്കൊല്ലത്തെ ദേശീയ അവാര്‍ഡു നല്‍കി വയലാറിനെ  ആദരിച്ചു
ആരും ഒരു എതിരഭിപ്രായവും ഉയര്‍ത്തിയില്ല .സമൂഹത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ വലിയൊരു യാഥാര്‍ദ്ധ്യം ഉയര്‍ത്തിക്കാട്ടിയത് മതേതര ഭാരതം ഉള്‍ക്കൊണ്ടു . ഇന്നെന്താണ്  സ്ഥിതി ?
ക്രിയാത്മകമായ വിമര്‍ശനങ്ങളാണ്   എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംസ്കരിച്ചു
ഊതി ക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുന്നത് . ഭയപ്പെടുത്തി ഉല്‍പ്പതിഷ്ണുക്കളുടെ വായടപ്പിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് സര്‍വ്വരും മനസ്സിലാക്കണം. മതേതര ഭാരതം എന്നും മതേതരമായിരിക്കുന്നതിനും പരസ്പര സാഹോദര്യത്തില്‍  കഴിയുന്നതിനും മതപരമായ സഹിഷ്ണുത അത്യന്താപേക്ഷിതമാണ് . അതു പുലരുവാന്‍ വേണ്ടപ്പെട്ടവര്‍ ജാഗ്രവത്തായ സമീപനം സ്വീകരിക്കേണ്ടതാകുന്നു.



No comments:

Post a Comment