Monday 28 January 2013

1972 ലാണെന്നു തോന്നുന്നു മഹാനായ വയലാര്‍ അച്ഛനും ബാപ്പയും എന്ന സിനിമയ്ക്കു വേണ്ടി എഴുതി  

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യരും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു മനസ്സു പങ്കുവച്ചു  

ഹിന്ദുവായ് മുസല്‍മാനായ് ക്രിസ്ത്യാനിയായ്
നമ്മളെ  കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍
ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു 

         ഏറ്റവും നല്ല ഗാനരചനക്കുള്ള അക്കൊല്ലത്തെ ദേശീയ അവാര്‍ഡു നല്‍കി വയലാറിനെ  ആദരിച്ചു
ആരും ഒരു എതിരഭിപ്രായവും ഉയര്‍ത്തിയില്ല .സമൂഹത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ വലിയൊരു യാഥാര്‍ദ്ധ്യം ഉയര്‍ത്തിക്കാട്ടിയത് മതേതര ഭാരതം ഉള്‍ക്കൊണ്ടു . ഇന്നെന്താണ്  സ്ഥിതി ?
ക്രിയാത്മകമായ വിമര്‍ശനങ്ങളാണ്   എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംസ്കരിച്ചു
ഊതി ക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുന്നത് . ഭയപ്പെടുത്തി ഉല്‍പ്പതിഷ്ണുക്കളുടെ വായടപ്പിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് സര്‍വ്വരും മനസ്സിലാക്കണം. മതേതര ഭാരതം എന്നും മതേതരമായിരിക്കുന്നതിനും പരസ്പര സാഹോദര്യത്തില്‍  കഴിയുന്നതിനും മതപരമായ സഹിഷ്ണുത അത്യന്താപേക്ഷിതമാണ് . അതു പുലരുവാന്‍ വേണ്ടപ്പെട്ടവര്‍ ജാഗ്രവത്തായ സമീപനം സ്വീകരിക്കേണ്ടതാകുന്നു.



Friday 25 January 2013

                         മദ്യപിച്ചു ലക്കുകെടുന്ന കേരളം 

      മദ്യത്തിന്റെ ഉപഭോഗം ഇന്ന് കേരളത്തില്‍ വല്ലാതെ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു . എവിടെ തിരിഞ്ഞു നോക്കിയാലും  കാണുന്നത് മദ്യ ഷോപ്പുകളാണ് . അവിടൊക്കെ നീണ്ട ക്യുവും . ക്യുവില്‍ കുട്ടികളും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം ഉണ്ട് . വില്‍ക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക സമയമൊന്നുമില്ല .പ്രഭാതം മുതല്‍ പ്രദോഷം വരെയും അവിടെ തിരക്കാണ് . ഇതു കൂടാതെ കള്ളു ഷാപ്പുകളെത്ര? ബാറുകളെത്ര ? അനധികൃത വില്‍പ്പന ശാലകളെത്ര ? ഈ കൊച്ചു കേരളത്തില്‍ ഇത്രയധികം മദ്യപന്മാരോ? ഓണം ,ക്രിസ്തുമസ് , മറ്റിതര ആഘോഷങ്ങള്‍ എന്നീ വേളകളില്‍ കേരളം മദ്യത്തില്‍ മുങ്ങി താഴുന്നതായിട്ടാണ്  കണക്കുകള്‍ കാണിക്കുന്നത്.ഇത് കണ്ടു ലജ്ജിതരായ   ഭരണകര്‍ത്താക്കള്‍ വില്‍പ്പനയുടെ കണക്കു പുറത്തു വിടെണ്ടന്നു  തീരുമാനിച്ചിരിക്കുന്നു. ഇവരാണ് യഥാര്‍ദ്ധ ഭരണാധികാരികള്‍! സത്യം മൂടി വച്ചു വിപത്തിനെ വെള്ളമൊഴിച്ചു വളര്‍ത്തുന്നവര്‍! ഈ വിപത്തു  വളര്‍ന്നു കേരളത്തെ ചുട്ടു കരിക്കുമ്പോള്‍ തൊഴിലിന്റെ കാര്യം പറഞ്ഞു, കിട്ടുന്ന നികുതിയുടെ കാര്യം പറഞ്ഞു തടി തപ്പാം. ഭരണം എന്നാല്‍ ജനക്ഷേമ താല്‍പ്പര മെന്നാരു പറഞ്ഞു? അതു തന്ത്രങ്ങള്‍ പയറ്റി എതിരാളിയുടെ വായ്‌ അടപ്പിക്കുന്ന ചെപ്പടി വിദ്യ മാത്രം. ഭരണം മാറിയും തിരിഞ്ഞും വരുമ്പോള്‍ പരസ്പ്പരം പഴി പറയുക എത്ര എളുപ്പം .നികുതിപണം ചെലവഴിക്കുക എന്നത് ഇതിനിടയിലെപ്പോഴോ നടക്കുന്ന ഒരു കാര്യം മാത്രം .  ജനതയെ ആകെ നശിപ്പിക്കുന്നതായാലും  മദ്യത്തില്‍ നിന്ന് ഇഷ്ടം പോലെ പണം കിട്ടുമെങ്കില്‍ അവര്‍ക്ക് അതും കാമ്യം . മദ്യം എന്തെല്ലാം വിപത്തുകളാണ് ഉണ്ടാക്കുന്നത് ? കുടുംമ്പ കലഹങ്ങള്‍ , അവരുടെ സാമ്പത്തിക പരാധീനത , വളരുന്ന രോഗാവസ്ഥ ,വാഹനാപകടങ്ങള്‍ ,  യുവ തലമുറയുടെ  വഴിതെറ്റല്‍ ,ചുറ്റും കാണുന്ന സാമൂഹിക തിന്മകള്‍  ഇതെല്ലാം മദ്യത്തിന്റെ സംഭാവന എന്നറിയുന്നവര്‍ ,ഭരണാധികാരികള്‍ ഇതിന്റെ വില്‍പ്പനക്കരാകുവാന്‍ പാടുണ്ടോ? എത്ര നികുതിപ്പണം കിട്ടുമെന്നാകിലും ! കിട്ടുന്നതിനേക്കാള്‍ എത്രയോ വലുതാണ്‌ അതിനു നാം ഒടുക്കേണ്ടി വരുന്ന വില . അതൊന്നു വിലയിരുത്തുവാന്‍ ഈ ഭരണാധികാരികള്‍ക്കു ബാധ്യത ഇല്ലേ? എന്തായാലും മദ്യത്തിന്റെ ഉപഭോഗം ഈ കൊച്ചു കേരളത്തില്‍ കുറച്ചു കൊണ്ടുവരേണ്ടത് അത്ത്യന്താപേക്ഷിതമാണ് . അതിനു ബോധവല്‍ക്കരണ മെങ്കില്‍ ബോധവല്‍ക്കരണം , ലഭ്യത നിഷേധിക്കല്‍ എങ്കില്‍ അത് , കേരളത്തിന്റെ നിലനില്‍പ്പിനു അത് ആവശ്യമാണ്   എന്ന് എല്ലാവരും മനസ്സിലാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നയത്തില്‍ മാറ്റം വരുത്തി നാടിനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല .ഈ അവസ്ഥയിലെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന്  ഓര്‍മ്മിപ്പിക്കട്ടെ .

 കൊല്ലം 

അറബിക്കടല്‍ തിരമാലകളും 
കായല്‍ക്കാറ്റലമാലകളും 
ഓര്‍മ്മകളോമനിച്ചാര്‍ദ്രമായ് 
തഴുകി തലോടും കൊല്ലം 
ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി 
മലയാള നാടിന്റെ മഹിത ഭൂമി 

ചരിത്രത്തിന്നേടുകളെഴുതും മുമ്പേ 
ചക്രത്തിന്‍   കോയ്മ വളരും മുമ്പേ 
വ്യാപാര യാനങ്ങള്‍ നങ്കൂരമിട്ടു 
തേനും വയമ്പും നുകര്‍ന്ന ഭൂമി 
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി 
 മലയാള നാടിന്റെ മഹിത ഭൂമി 

ഇഴ പൊട്ടി വിങ്ങിയ ജീവിതങ്ങള്‍ 
കയറും തറിയും നെയ്ത ഭൂമി 
കശുവണ്ടി വാണിജ്യ പെരുമ കൊണ്ട് 
ലോകത്തിന്‍ നെറുകയില്‍ നില്‍ക്കും ഭൂമി 
വേലയും കൂലിയും കാക്കുവാനായ് 
സമരങ്ങള്‍ പെയ്തു കുതിര്‍ന്ന ഭൂമി 
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി 
മലയാള നാടിന്റെ മഹിത ഭൂമി 

ആട്ടവും കൂത്തുമരങ്ങിലേറ്റി 
കരളിലഭിമാനമുദ്രകള്‍ രജിച്ച ഭൂമി 
കേസിയുമഴകത്തുമക്ഷര ചിന്തയാ -
ലത്ഭുത ലോകം ചമച്ച ഭൂമി 
ഉത്സവ പറമ്പുകളെ  നിസ്വ പക്ഷ -
സദസ്സു കളാക്കി വളര്‍ത്തിയ 
കാഥിക സാമ്രാട്ടിന്‍ ജന്മ ഭൂമി 
അതവകാശബോധത്തിന്‍ ശൂരഭൂമി 
 കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയഭൂമി 
മലയാള നാടിന്റെ മഹിത ഭൂമി 
         by
എന്‍.രാജശേഖരന്‍ ഉണ്ണിത്താന്‍ 

Tuesday 22 January 2013

jwala

ജ്വാല 
അധികാരികളേ
സാമ്രാജ്യത്ത്വ മൂസയില്‍ വാര്‍ത്തൊരു
ദല്ലാളുകളേ
നിങ്ങള്‍ വാഴും നാളുകളില്‍
പണിതുയര്‍ത്തു മിരുട്ടിന്‍ കോട്ടകള്‍
തച്ചുതകര്‍ക്കാന്‍
പ്രകാശഗോപുരം പണിയാന്‍
പോരാട്ടത്തിന്നരണി കടഞ്ഞു ഞങ്ങള്‍
 കൊളുത്തി വളര്‍ത്തും ജ്വാല
ജ്വാല ........ജ്വാ ...ല    .. ജ്വാ .......ല

വിയര്‍പ്പിന്‍ മുത്തുകള്‍ മഴയായ് പെയ്യും
പണിശാലകളില്‍
വിളവിന്‍ മണികള്‍ കൂനകള്‍ തീര്‍ക്കും
മണ്ണിന്‍ മാറില്‍ 

തൂലിക ജീവിത ചിത്രമെഴുതു-
മധികാര സൗധങ്ങളില്‍  
ചൂഷക ശാസ്ത്രം പടുത്തുയര്‍ത്തു മഴലിന്‍
കോട്ടകളിടിച്ചു നിരത്താന്‍ 

നേരിന്‍ കഴ്ചയോരുക്കാന്‍  
 പതറാതുലയാതാളും ജ്വാല
ജ്വാല .......ജ്വാ ...ല     .. ജ്വാ .....ല

നോക്കൂ  നല്ലൊരു നാളേക്കായ്
ഉടല്‍ മഴ ചൊരിയുന്നോരെ
നിങ്ങടെ വിശപ്പിന്നഗ്നി കെടുത്താന്‍
അന്തിക്കൊന്നു മയങ്ങാന്‍ നീരി -
റ്റാത്തൊരു കൂരയൊരുക്കാന്‍
രോഗം വന്നാല്‍ ചെലവില്ലാതെ
ചികിത്സ ലഭിക്കാന്‍
വിദ്യാവെട്ടം മികവിന്‍ തോതില്‍
പൊതുവായ്  പകരാന്‍
വയ്യാണ്ടാവും കാലത്തില്‍ പൊതുവില്‍ 

പകരും തണലില്‍ കഴിയാന്‍
 ഇതിനായ് .... ഇതിനായ് ... കനിവൂറുന്നൊരു
വാഴ്ചയൊരുക്കാന്‍  .... സംരക്ഷിക്കാന്‍
അദ്ധ്വാനിക്കും  തൊഴിലാളികളൊന്നിച്ചൊന്നായ്
കൊളുത്തി വളര്‍ത്തും  ജ്വാല
ജ്വാല      .. ജ്വാ ....ല     .. ജ്വാ .......ല
               by
എന്‍. രാജശേഖരന്‍ ഉണ്ണിത്താന്‍ 







                            ചൂള

വീടൊന്നു  പണിയുവാനുറച്ചു വേഗം
തറ കെട്ടുവാന്‍ വേണ്ടതോരുക്കിവച്ചു
ഒരു കൊച്ചു ഗേഹത്തിന്‍രൂപരേഖ പണ്ടേ
മനസ്സില്‍ പണിതത് പകര്‍ത്തിവച്ചു.
തീയതി കുറിപ്പിച്ചു വിളി നടത്തി
കല്ലിടീല്‍ ചടങ്ങും മുറ്റു ധന്യമാക്കി
മരമഞ്ചാറു മുറുപ്പിച്ചുരുപ്പടിയാക്കി
വേണ്ടുന്ന കീഴ്ക്കൂടിന്‍ പണി നടത്താന്‍ .
പണം പല വഴി പ്രതീക്ഷയില്‍ മാത്രം
കിട്ടുന്ന മുറക്കേയെത്തൂ  സാമഗ്രികള്‍
ചിട്ടി പിടിച്ചത് ചട്ടങ്ങള്‍ പാലിച്ചു
കയ്‌പ്പറ്റാന്‍ പണിയുണ്ടിനീംബാക്കി
നേരത്തെ വയ്പ്പക്ക് കൊടുത്തോരപേക്ഷ
കാണേണ്ട പോല്‍ കണ്ടനുവതിപ്പിക്കുവാന്‍
ബാങ്കില്‍ പരിചയക്കാരനെ കണ്ടു
നാളുകളായി കുറിക്കുന്നു തീയതി
ഞെങ്ങിയും ഞെരുങ്ങിയും ഹൃത്തിനു തെല്ലും
വിശ്രമമില്ലാതുഴലുന്ന നാളുകള്‍
എന്‍ നെഞ്ചില്‍ നിന്നെന്നിനീ കാര്‍-
മേഘങ്ങള്‍ പെയ്തോഴിഞ്ഞിടുമാര്‍ക്കറിയാം
വസ്തുവല്പം  ഭാര്യക്കൊഹരി  കിട്ടിയത് വിറ്റു
മുന്നം ചെയ്യേണ്ടും വേലക്കൊരുങ്ങവെ
കല്ലനുമാശാരിക്കും പണി വളരെ
ചെയ്യുവാനുണ്ടുപോള്‍ നാലുപാടും
വീടിന്‍ മോഡി മുഴുപ്പിന്നായടുപ്പക്കാര്‍
അലങ്കാരക്കോപ്പിന്‍ ഭാണ്ഡം തുറക്കുന്നു    
എന്റെ മനസ്സില്‍ പതിയെയുയരുന്നതോ
ഒരു ജന്മത്തിന്‍ സാഫല്യ സ്മാരകം
വത്സരങ്ങള്‍ പലതു കഴികെയിമ്മട്ടില്‍
കഥയോന്നുര ചെയ്യാം നമുക്ക് വേണേല്‍
പിന്നതുറക്കെ പാടിയീ നാടിന്‍ നെഞ്ചില്‍
പടരുമഗ്നി തന്‍ ചരിത്രം കുറിക്കാം
പുഴ തന്‍ കരളു കോരി ചാന്തു തീര്‍ത്തു
നിലനെഞ്ചകം ചുട്ടു ചുവര് തീര്‍ത്തു
ശിലകള്‍ പൊട്ടിച്ചു മച്ചകം തീര്‍ത്തു
വെന്തുരുകാനൊരു നല്‍ചൂളയും തീര്‍ത്തു !
 യേ ശു നാ ഥ ന്‍ 


യേശുനാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
നിന്‍ കരങ്ങള്‍ ചുംബിക്കുവാന്‍
നിന്‍ കാലടിപ്പാടുകള്‍ പിന്തുടരാന്‍
നിത്യ ജീവന്റെ പാതയില്‍ സഞ്ചരിക്കാന്‍
നിന്‍ സ്നേഹ വെളിച്ചത്തില്‍ വഴി നടത്തു ....
യേശുനാഥ
കാല്‍വറിയിലെ  കാലിത്തൊഴുത്തില്‍ പിറന്ന നാഥാ

രാജാധിരാജന്‍ നീ മണ്ണില്‍ വന്നു
ദുഖത്തിന്‍ വാരിധീ മുന്നില്‍ നിന്നു
ദിശ തെറ്റിയലയുന്നമനുഷ്യരെങ്ങും
ആത്മാവിന്‍സാന്നിധ്യമില്ലതെല്ലും  
അവര്‍ വെളിച്ചം കടക്കാത്ത കല്ലറകള്‍
നേരിന്റെ വചനങ്ങളുറക്കെപ്പാടി
നീ ദൈവത്തിന്‍ വഴികളുറക്കെപ്പാടി.....
പിന്നാലെ കൂടിയോരായിരങ്ങള്‍
അവരുടെ ദുഖങ്ങള്‍ തോട്ടുവാങ്ങി
നീയഴലില്ലാത്തീരമവര്‍ക്കുനല്കി

കങ്കാണിപ്പടയെങ്ങും ദുഖം വിതയ്ക്കെ
നീ സ്നേഹത്തിന്‍ കൂമ്പാരം കൊയ്തുകൂട്ടി
തിരതല്ലിപ്പൊങ്ങിയ ,  ആഴീ ഗര്‍വിനെ നീ
പാദപത്മങ്ങള്‍ കൊണ്ട് നടന്നോതുക്കി
 കടുപ്പക്കാരാം   ഹുണ്ടികക്കാരും ചുങ്കക്കാരും
നിന്‍ ചാട്ടക്കു മുന്നില്‍ പുളഞ്ഞു  നിന്നു 
കല്ലെറിയാനോങ്ങി വന്നോരെയവരുടെ
പാപബോധപ്പിണരാല്‍ നീ പിന്‍മടക്കി
ജീവന്റെ ബോധമുള്ളില്‍ തെളിഞ്ഞോര്‍     
 ദൈവത്തിന്‍ മാര്‍ഗ്ഗംനീയെന്നറിഞ്ഞു

യേശുനാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
നിന്‍ കരങ്ങള്‍ ചുംബിക്കുവാന്‍
നിന്‍ കാലടിപ്പാടുകള്‍ പിന്തുടരാന്‍
നിത്യ ജീവന്റെ പാതയില്‍ സഞ്ചരിക്കാന്‍
നിന്‍ സ്നേഹവെളിച്ചത്തില്‍ വഴിനടത്തൂ
യേശു നാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
  By
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍ 

 
മാ നിഷാദ !

പൂവിന്റെ ചുറ്റും പറക്കുന്ന വണ്ടിന്റെ -
യീണത്തിനുണ്ടൊരു താളം
പ്രകൃതിയും മറ്റു ജീവജാലങ്ങളും
കൊണ്ടും കൊടുത്തും പുലരുന്ന താളം
നൂറല്ലായിരം നൂറ്റാണ്ടുകള്‍ കൊണ്ടു -
ണ്ടായൊരീ  പ്രകൃതി സംസ്കൃതിയെ
തച്ചു തകര്‍ത്തിട്ടിവിടെ തുഷ്ട്രരായ് ചിരം
വാഴുവാനാകുമോ മര്‍ത്യന്നു മാത്രം
ഭൂവിലെത്രയോ ജീവികളുണ്ട് വസിപ്പൂ -
വതിലുയര്‍ന്ന ചിന്തക്കുടയോരേ നിങ്ങള്‍
മാനവരെങ്കിലുമില്ല വേറിട്ടൊരു പ്രിയ -
മവനിക്കു നിങ്ങളോടായ് മാത്രം
പീഡനം ഭയങ്കരമസഹനീയം, ഭുജി -

ലറിയാതംഗ മൊന്നനക്കീ നീ ധരേ
നിമിഷങ്ങള്‍ കൊണ്ടയ്യോ  തകര്‍ന്നോടുങ്ങീ-
ലക്ഷങ്ങളനേക ജീവിതങ്ങളും
ഹേ  മര്‍ത്യാ ! നീയല്ല വലുതൂഴി , കാത്തു -
കൈമാറുകവളെ നിന്‍ പിന്മുറക്കാര്‍ക്ക്
അല്ലെങ്കിലോ കരങ്ങാമൊരുനാളിവല്‍
നിന്‍ കുലവുമില്ലാതീ വിഹായസ്സില്‍!

ഗുജറാത്തില്‍ ഭൂകമ്പ മുണ്ടായ സ്ഥലങ്ങളിലൊന്ന്

                 by
എന്‍ .രാജശേഖരന്‍ ഉണ്ണിത്താന്‍