Sunday 26 May 2013

കര്‍മ്മബോധം (കവിത )
ഇന്നലെ വിസ്ത്രുതമാം പാടങ്ങള്‍ പറമ്പുക-
ളതൊക്കെ യൗന്നത്യത്തിന്നളവായ് ഗ്ഗണിച്ചെങ്കില്‍
ഇന്നതിന്‍കാലംപോയിട്ടുന്നതവിദ്യാഭ്യാസ -
മതല്ലോ കൊയ്യുന്നതു പ്രൗഡിയും പ്രതാപവും
അതിനാലെങ്ങനെയുമീടുറ്റ ബിരുദങ്ങള്‍
മക്കള്‍ക്കുസമ്മാനിക്കാന്‍ വെമ്പുന്നൂ രക്ഷിതാക്കള്‍
അമ്മക്കു മോഹം മകനാവണ മെഞ്ചിനീയര്‍
അച്ഛനു മോഹമവനാവണം ഡോക്ടരെന്നും
മാര്‍ക്കൊന്നു പോയാല്‍പോയീ ജീവിതംതന്നെ പോയീ
ശകാരവര്‍ഷം കൊണ്ടു മൂടുന്നൂ കുരുന്നിനെ
ഇല്ലില്ല തര്‍ക്കമത്തില്‍ ജനനീ ജനകനോ -
യൗന്നത്യ സ്വപ്നങ്ങളാലന്ധത ബാധിച്ചവര്‍
ആയിരമഭിജ്ഞര്‍തന്‍ മസ്തിഷ്ക്കമൊത്തുചേര്‍ന്നു
മകനില്‍ജ്വലിക്കണ മതത്രേയാഗ്രഹിപ്പൂ !


ഉയര്‍ന്ന പഠനങ്ങള്‍ കഴിഞ്ഞു വരുന്നവര്‍
ഉടലു വിയര്‍ക്കുന്ന വേലകള്‍ വെറുക്കുന്നു
പങ്കതന്‍ചോട്ടിലുള്ളയുദ്യോഗമൊത്തില്ലെങ്കില്‍
വെറുതെ കളയുന്നു യുവത്വം കരുത്തതും
കൂട്ടരേ നോക്കൂ ചുറ്റും കനകം വിളഞ്ഞതാം
പാടങ്ങള്‍ പറമ്പുകള്‍ തരിശായ് തരിക്കുന്നു
ഇതെന്തു കര്‍മ്മബോധം ? ഭക്ഷണം വിളയിക്കും
വേലേക്കാല്‍ മഹത്തായി മറ്റുണ്ടോ വേല ഭൂവില്‍
നമ്മിലൂടോഴുകുമീയഴകുമാരോഗ്യവും
ആരാലും ഘോഷിക്കുമീ ഹരിതോന്നതിയതും
കര്‍ത്തവ്വ്യ കര്‍മ്മത്താലേ കനിഞ്ഞങ്ങരുളിയ
കര്‍ഷകരഖിലര്‍ക്കു മാരാദ്ധ്യര്‍ നിസംശയം
നാട്ടിനുഗുണംവരാ ഭാവങ്ങളുപേക്ഷിച്ചു
കൂടണമവര്‍ക്കൊപ്പം വിജ്ഞരേനിങ്ങളുംതാന്‍ 
എങ്കിലോ നാടിതൊരു സ്വര്‍ഗ്ഗമായ് തീരുമല്ലോ
ഇല്ലില്ല തൊഴിലെന്ന വിലാപം തീരുമല്ലോ.

                BY
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍

Monday 20 May 2013

കാലം ആവശ്യപ്പെടുന്നത്

കാലം നമുക്ക് സമ്മാനിച്ചതാണ്‌ സംസ്കാരവും സംസ്കൃതിയും 
നീണ്ടകാലത്തെ അനുഭവങ്ങളുടെ സ്വാംശീകരണമാണത് 
മുന്നോട്ടു പോകുംതോറും നാം വിവക്ഷിക്കുന്ന നന്മ തിന്മകളിൽ 
 തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നിർബാധം നടക്കുന്നു 

ഒരു കാലത്ത് നാം ശരിയെന്നു പറഞ്ഞിരുന്ന പലതും ഇന്ന് തെറ്റും 
തെറ്റെന്നു പറഞ്ഞിരുന്ന പലതും ഇന്നു ശരിയുമാണ് 
ചരിത്രം അനാവരണം  ചെയ്യുനതു ഈ മാറ്റങ്ങളുടെ 
 സംഘർഷ ഗാഥയാണ്  

രക്തരൂഷിതവും അല്ലാത്തതുമായ ഈ സംഘർഷങ്ങളാണ് 
ഭൂരിപക്ഷത്തിനനുകൂലമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്
മാറ്റങ്ങൾക്കു പുറം തിരിഞ്ഞു കാല പ്രയാണത്തെ തടയാൻ ,
ഈ കാലം തന്നെ സൃഷ്ടിച്ചു പോറ്റി വളർത്തി ഒടുവിൽ ആയുസ്സറ്റ 

ജീർണ്ണ വ്യവസ്തകൽക്കാവുന്നതെങ്ങനെ?.  അഹങ്കാരവും 
അഹംഭാവവും വിവേകമില്ലായ്മയും കൊണ്ട് ഏറ്റവുമൊടുവിൽ 
 കൊമ്പ് കുത്തിയത് നാലു കേട്ടിന്റെയും എട്ടുകെട്ടിന്റെയും 
 ഉള്ളറകളെ വെളിച്ചത്തിൽ നിന്നും പ്രതിരോധിച്ച 
ജന്മിത്വത്തിന്റെ , നാടുവഴിത്വത്തിന്റെ
മോന്തായങ്ങളാണ് .
ജന്മിത്വവും നാടുവാഴിത്തവും പൂർണമായി തകർന്നു 
എന്ന് കരുതുന്നവർ ഉണ്ടാവും .
അത് തെറ്റായ വിലയിരുത്തലാണ് .ഇവിടെ അത് രൂപം 
 മാറിയിട്ടെയുള്ളൂ ,കാലത്തിനൊത്ത 
കോലം കെട്ടി പഴമയുടെ ഉപാസകരായി വിശ്വാസവ്യാപാരം 
ആധുനിക മേല്ക്കോയ്മയുടെ ഉത്തമ ഇടമായി 
വളര്ത്തി കൊടിയ മാർദ്ദക - മർദ്ദിത
ചൂഷണം വേറൊരു തലത്തിൽ ഇവർ  ഭംഗിയായി 
നിർവഹിക്കുന്നു.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ പൂർണമായി ഒന്നിനെയും 
നശിപ്പിക്കാൻ
ആവില്ല . യുദ്ധം ഇന്നും തുടരുന്നു !
ശത്രു പാളയത്തിൽ വലുംച്ചുരുട്ടി ഉച്ചിഷ്ടം  കാത്തു നാവും 
നുണഞ്ഞിരിക്കുന്നവരെ എത്രയോ നാം കാണുന്നു .
പണ്ട് വിളിച്ച മുദ്രാവാക്ക്യങ്ങൾ സൗകര്യം പോലെ മറന്നു 
പുതിയ എജമാനനു മുമ്പിൽ തന്റെ കൂറു കാട്ടാൻ 
ചേരാത്ത വേഷം കെട്ടി കൊമാളികളാകുന്നവർ എത്ര ?
ഈ വേഷത്തിലെ അശ്ലീലം ഇവരെന്തേ അറിയുന്നില്ല ?
അതല്ല ഇത് വെറും മുപ്പതു വെള്ളി കാശിനു 
വേണ്ടിയുള്ള ഒറ്റു പണിയോ ?
ഇവിടെയും പുതിയ സമരമുഖങ്ങൾ കാലം തുറക്കും .
 അന്ത്യ മില്ലാത്ത സമരങ്ങൾ പുതിയ സംസ്കാര തീരങ്ങൾ തീർക്കും 
ഈ തീരങ്ങൾ സൃഷ്ടിക്കുന്ന നന്മയുടെ, ശരിയുടെ ഗർജ്ജനങ്ങൾ 
നാടാകെ പ്രകമ്പനം കൊള്ളുമ്പോൾ വിഷജീവികൾ നടോഴിയും 
അല്ലെങ്കിൽ വിഷം ഉള്ളിലടക്കി ഒതുങ്ങും
മറ്റൊരു രൂപ പരിണാമംവരെ
എന്നാലും എങ്ങും ഒരുനാളും സമരം അവസാനിക്കുന്നില്ല 
സമരവും സംസ്കാരവും ഒത്തുചെർന്നങ്ങനെ 
നവപഥങ്ങൾ വെട്ടിത്തുറന്നു യാത്ര തുടരും !
നവമുതലാളിത്തം അവന്റെ സംസ്കാരം വളരുവാൻ
നവമാധ്യമങ്ങളിലൂടെ എന്തൊക്കെ ചെയ്യുന്നു ?
അമ്പമ്പോ , കഷ്ടം! കഷ്ടം!
ഒരു ജനതയെ തകർക്കാൻ ആദ്യം അവന്റെ 
സംസ്കാരം തകർക്കണം !ഭാഷ തകർക്കണം !!
പിന്നവന്റെ മനസ്സും ബുദ്ധിയും തനിയെ തകർന്നോളും !!!
ജനമേ നീ ഈയാം പാറ്റപോലെ 
എന്തിനിതിന്റെ പിറകെ പായുന്നു ?
ഒറ്റപ്പെടലിന്റെ തുരുത്തിൽ നീയുഴറുമ്പോൾ 
സാന്ത്വനമേകാൻ മക്കളെവിടെ ?
ബന്ധുകളെവിടെ ?
അയൽക്കാരെവിടെ ?
ഈ സമൂഹമെവിടെ ?
നിന്റെ ജന്മ ദൗത്യം എന്തായിരുന്നു?
ജീവിതയാത്രയിൽ തിരിഞ്ഞു നോക്കുമ്പോൾ
നീ ആരായിരുന്നു?
നീ സമ്പാദി ച്ച തോക്കെ ആർക്കായിരുന്നു ?
അവരൊക്കെയും നിന്റുറ്റവാരോ ഉടയവരോ?
നീ ഒന്നോർക്കുക ! ഇവർ വരച്ചു കാട്ടുന്നതല്ല ജീവിതം!!
അവർ ചെയ്യുന്നത്
ചരടിനോത്തു കളിക്കുന്ന പാവകളെ സൃഷ്ടിക്കലാണ് !
ഇതിനെ അതിജീവിക്കാനും വേണം ഇടപെടൽ !!
വ്യക്തിയും കുടുംബവും സമൂഹവും തമ്മിൽ സമന്ന്വയിച്ചു   
ബൗദ്ധിക സാമ്പത്തിക മണ്ഡലങ്ങൾ പരസ്പരം പങ്കു
വയ്കുവാൻ ആശയപരമായ പോരാട്ടം ഉയർത്തുക  
 എന്നതാണ് ഇന്നു കാലം ആവശ്യപ്പെടുന്ന എറ്റവും 
വലിയ സാംസ്കാരിക ഇടപെടൽ 
എന്ന് ഞാൻ കാണുന്നു .


 by. N.Rajasekharan Unnithan







Monday 6 May 2013

                     

 എന്തിനീ സ്വാർത്ഥത !

             ആർക്കും ഒന്നിനും നേരമില്ല . എന്തൊരു തിരക്കാണ് . അന്തം വിട്ടുള്ള ഈ പാച്ചിലിൽ 
സമയം പോകുന്നതറിയുന്നതേയില്ല . നിമിഷങ്ങൾ ,മിനിട്ടുകൾ , മണിക്കൂറുകൾ ,ദിവസങ്ങൾ ,ആഴ്ച്ചകൾ , മാസങ്ങൽ , വർഷങ്ങൾ ഇങ്ങനെ ആയുസ് ശീക്രം കടന്നു പൊയ്കൊണ്ടിരിക്കുന്നു . ബാല്യം , കൌമാരം , യുവത്വം ഇതൊന്നും വന്നു പോകുന്നത്  ഈ തിരക്കിൽ അറിയുന്നതേയില്ല . വാർദ്ധക്ക്യം  വന്നു ഒറ്റപ്പെടലിന്റെ തുരുത്തിൽ ക്ഷീണിച്ച മനസും തളർന്ന ശരീരവുമായി ഏകാനായിരിക്കുമ്പോൾ സ്മൃതി പന്ഥാവിലൂടെ മിന്നിമറയുന്ന ചെറു തുണ്ടുകൾ മാത്രമാകുന്നു ഈ യുവത്വവും കൌമാരവും ബാല്യവുമൊക്കെ . ഓർമയിൽ സ്ഥായിയായി തങ്ങി നില്ക്കുന്നത് വല്ലതുമുണ്ടോ ? അച്ഛൻ , അമ്മ മറ്റു ബന്ധുക്കൾ ഇവരുടെ പരിലാളന ?
പുസ്ടകകെട്ടിന്റെ ഭാരതത്തിലും പഠിക്കാൻ ചെലുത്തുന്ന സമ്മർദ്ധത്തിലും  അതൊക്കെ ബാലകൗമാര മനസിന്റെ ആഴങ്ങൾ തൊടാതെ പോകുന്നു .യുവത്വത്തിൽ കണ്ണിനെ, മനസ്സിനെ, ശരീരത്തെ  ത്രസിപ്പിക്കുന്ന എന്തെല്ലാം കാഴ്ച്ചകൾ . അവയിൽ ഭ്രമിച്ചും രമിച്ചും രുചിച്ചും പായവേ    കാലപ്രയാണം അറിയുന്നതേയില്ല . അതല്ലെങ്കിൽ ജീവിത യാത്രയിൽ ചുമലിൽ തൂങ്ങിയ  ഭാരങ്ങൾ ഭദ്രമായി കരക്കടുപ്പിക്കാൻ നെട്ടോട്ടമോടിയപ്പോൾ ഈ  യുവത്വം തന്നെ മറന്നുവോ ? എന്തായാലും സായന്തനത്തിൽ പിന്നിട്ട വഴികളിലെ മുള്ളും മലരും മനസ്സിനെ കുളുർപ്പിക്കുന്നില്ല . ചെയ്യേണ്ടിയിരുന്നത് ചെയ്തില്ല എന്ന തോന്നൽ . 
ചെയ്തതൊക്കെയും എന്റെ മനസ്സിന്നു സുഖം പകരുന്നത് മാത്രമായിരുന്നു . ഭാര്യ , മക്കൾ , അയൽക്കാർ , സമൂഹമാകെ എന്റെ ഇഷ്ടങ്ങൾക്കു കീഴ്പെട്ടു വലയുന്നത്  ഒരു നിമിഷം ചിന്തിക്കാതെ ഞാൻ ഓടുകയായിരുന്നു . വന്നു നില്ക്കുന്നതെവിടെ ? പിന്നിട്ട വഴികളുടെ ദൂരം അറിയാതെ,  നെഞ്ചിനു സാന്ത്വനമേകും ചൂടും തണുപ്പും അറിയാതെ ,ചുട്ടു പൊള്ളുന്ന വിസ്തൃത മരുഭൂവിൽ !.പിന്നെന്തിനീ നെട്ടോട്ടം ?. എല്ലാവർക്കും ചിന്തിക്കാൻ കൊള്ളാവുന്നതാണിത് . വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യാൻ നമ്മുടെ സ്വാർദ്ധത പലപ്പോഴും നമ്മെ അനുവദിക്കാറില്ല എന്നതാണ് സത്യം . സ്വാർത്ഥത വെടിഞ്ഞു പരസ്പരം ആലോചിച്ചു യോജ്യമായ കാര്യങ്ങൾ ചെയ്യാൻ മുതിർന്നാൽ വയസ്സുകാലത്ത് മനസാക്ഷികുത്തില്ലാതെ കഴിഞ്ഞുകൂടാം എന്ന് ഞാൻ കരുതുന്നു .